കോഴിക്കോട്: കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടകളുടെ വിളയാട്ടം. പ്രണയിച്ചു വിവാഹം കഴിച്ചവര്‍ക്കെതിരെയാണ് ഗുണ്ടകള്‍ ആക്രമണം നടത്തിയത്. പട്ടാപ്പകല്‍ കാര്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആറംഗ സംഘത്തിന്റെ ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാ സംഘത്തിന്റെ പക്കല്‍ വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. ഇവ വീഡിയോയില്‍ കാണാനും സാധിക്കും.
യുവാവും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്ത ഗുണ്ടകള്‍ പട്ടാപ്പകല്‍ അവരെ വഴിയില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. വൈകിട്ടോടെയാണ് സംഭവം നടന്നത്. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നു നടത്തിയത്. ആ യുവാവിനെ പെണ്‍കുട്ടിയുടെ അമ്മാവന്മാരായ കബീര്‍, മന്‍സൂര്‍ എന്നിവരാണ് വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചത്.
നാട്ടുകാര്‍ നോക്കി നില്‍ക്കയായിരുന്നു പെണ്‍കുട്ടിയുടെ അമ്മാവന്മാരുടെ അഴിഞ്ഞാട്ടം. നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവന്‍ നഷ്ടമാകാതെ പോയതെന്ന് പ്രദേശവാസികള്‍ തന്നെ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മാവന്മാരായ കബീര്‍, മന്‍സൂര്‍ എന്നിവര്‍ വരനും മറ്റ് മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞ് മുന്‍വശത്തെ ചില്ല് തല്ലിപ്പൊളിച്ചു. കയ്യില്‍ വടിവാളുമായാണ് ഇവര്‍ സ്വാലിഹിനെ വഴിവക്കില്‍ കാത്തുനിന്നത്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടു തന്നെയാണ് ഇവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവത്തിൽ ഇന്നലെ പരാതി നല്‍കിയിട്ടും പോലീസ് വ്യക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ തന്നെ ആരോപിക്കുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറല്‍ എസ്‌പി ഡോ. ശ്രീനിവാസ് പ്രതികരിച്ചു. അതേസമയം പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ പോലീസ് വീഴ്‌ച്ച വരുത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.