കോഴഞ്ചേരി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണു കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. കീമോതെറാപ്പി, തുടര്‍പരിശോധന, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഇവിടെ ലഭിക്കും. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണു കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കോവിഡ് ബാധ ഉണ്ടായാല്‍ വളരെ പെട്ടെന്നു ഗുരുതരാവസ്ഥയിലെത്താന്‍ കാരണമായേക്കാം. അതിനാല്‍ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുക എന്നതാണു സര്‍ക്കാര്‍ ലക്ഷ്യം.
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) ചികിത്സ തേടിയിരുന്ന രോഗികളുടെ വിവരങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിക്കു കൈമാറും. ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെട്ട ഡോക്ടര്‍മാരുമായി സംസാരിച്ചു ചികിത്സ നിശ്ചയിക്കും. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍) മുഖാന്തിരം കാരുണ്യകേന്ദ്രങ്ങള്‍ വഴി എത്തിച്ചുനല്‍കും. ഫയര്‍ഫോഴ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തിയും ആര്‍.സി.സി.യില്‍ നിന്നും മരുന്ന് എത്തിച്ചുകൊടുക്കുന്നുണ്ട്. രോഗികളുടെ തിരക്കു കുറയ്ക്കാന്‍ മുന്‍കൂട്ടി അവരെ അറിയിച്ചശേഷമായിരിക്കും ചികിത്സാ തീയതി നിശ്ചയിക്കുന്നത്.
കോഴഞ്ചേരി ജില്ലാ ആശുപത്രി ഉള്‍പ്പെടെ സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണു കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, പാലാ ജനറല്‍ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, ഇ.സി.ഡി.സി. കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി തുടങ്ങിയിടങ്ങളിലാണു മറ്റു ജില്ലക്കാര്‍ക്കായി ചികിത്സ ഒരുക്കിയിട്ടുള്ളത്. ആര്‍.സി.സി.യുമായി ചേര്‍ന്നാണു ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റു റീജിയണല്‍ കാന്‍സര്‍ സെന്ററുകളുമായും സഹകരിച്ച് കാന്‍സര്‍ ചികിത്സ സൗകര്യം വിപുലീകരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.