പത്തനംതിട്ട : കോഴഞ്ചേരി റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ് പോളിമറേസ് ചെയിന്‍ റിയാക്ഷന്‍(ആര്‍ ടി പി സി ആര്‍) ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം മൂന്നാഴ്ചയ്ക്കകം ഒരുക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കോഴഞ്ചേരി റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ ട്രൂ-നാറ്റ് കോവിഡ്-19 പരിശോധനാ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ജില്ലയില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിള്‍ പരിശോധനാ കേന്ദ്രമാണു കോഴഞ്ചേരിയില്‍ ആരംഭിച്ചത്. ഗര്‍ഭിണികള്‍, അടിയന്തര ശസ്ത്രക്രിയകള്‍, സംശയാസ്പദമായ മരണങ്ങള്‍ എന്നിവയുടെ കോവിഡ്-19 സ്‌ക്രീനിംഗിനാണ് ട്രൂ-നാറ്റ് പരിശോധന ഉപയോഗിക്കുന്നത്. ദിവസേന 20 സാമ്പിളുകള്‍ പരിശോധിക്കുന്നതിനുളള സൗകര്യമാണ് ഇവിടെ ഉണ്ടാകുക. ഒരു മൈക്രോബയോളജിസ്റ്റും അഞ്ച് ലാബ് ടെക്‌നീഷ്യന്മാരുമാണ് ട്രൂ-നാറ്റ് സെന്ററില്‍ ഉണ്ടാകുക. ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സെന്ററിനുള്ള അനുമതി ലഭ്യമായിക്കഴിഞ്ഞു. കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റാണ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍, ഡെപ്യൂട്ടി ഡി.എം.ഒ: ഡോ.സി.എസ് നന്ദിനി, എന്‍.എച്ച്.എം ഡി.പി.എം:ഡോ.എബി സുഷന്‍, കോഴഞ്ചേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എസ്.പ്രതിഭ, ഡോ.ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.