കോഴഞ്ചേരി : ആറന്മുള നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്സിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി നയിച്ച റോഡ് ഷോ ആവേശഭരിതമായി.
കോഴഞ്ചേരി സി കേശവൻ സ്ക്വയറിൽ പുഷ്പാർച്ചനക്ക് ശേഷം പ്രചാരണ വാഹനത്തിലേക്ക് ഉമ്മൻ ചാണ്ടിയെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. അഡ്വ കെ ശിവദാസൻ നായർ, ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിന് വാഹനത്തിൽ ഉമ്മൻ ചാണ്ടിക്കൊപ്പം കയറി. ടൗൺ ചുറ്റി പ്രകടനമായി കോഴഞ്ചേരി പാലത്തിലൂടെ തിരുവല്ല ഭാഗത്തേക്ക് വാഹനങ്ങളുടെ അകമ്പടിയിൽ റോഡ് ഷോ പ്രവേശിച്ചതോടെ ത്രിവർണ പതാകകളേന്തിയ കോൺഗ്രസ് പ്രവർത്തകർ ആവേശത്താൽ മുദ്രാവാക്യം മുഴക്കി റോഡ് ഷോയുടെ ഭാഗമായി.
നെടുമ്പ്രയാറും ചെട്ടിമുക്കിനും ചാലായിക്കരയിലും കാത്തു നിന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ റോഡ് ഷോയെ സ്വീകരിച്ചു. പുല്ലാട് നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ റോഡരികിൽ കാത്തുനിന്നു. പുഷ്പ വൃഷ്ടികളുമായി ഒട്ടേറെ പ്രവർത്തകർ റോഡ് ഷോയെ സ്വീകരിച്ചു. കുമ്പനാട്ട് കാത്തുനിന്ന പ്രവർത്തകർക്കായി വാഹനം നിർത്തി അഭിവാദ്യം ചെയ്ത ശേഷം റോഡ് ഷോ ഇരവിപേരൂരിലേക്ക് പ്രവേശിച്ചു. കാഞ്ഞിരപ്പള്ളിയിൽ അടുത്ത പ്രചാരണ പരിപാടിക്കായി ഉമ്മൻ ചാണ്ടി വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം റോഡ് ഷോ വള്ളംകുളം വരെ എത്തിയ ശേഷം യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ ശിവദാസൻ നായർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പ്രചാരണത്തിന്റെ ഗാനത്തിന്റെ താളമേളങ്ങളുടെ അകമ്പടിയിൽ ആവേശത്തിലായ പ്രവർത്തകർ സ്ഥാനാർഥി അഡ്വ കെ ശിവദാസൻ നായരെ എടുത്തുയർത്തി. തുടർന്ന് റോഡ് ഷോ കുമ്പനാട്, ആറാട്ടുപുഴ, ആറന്മുള, തെക്കേമല, നെല്ലിക്കാല വഴി ഇലന്തൂർ എത്തി സമാപിച്ചു.