പത്തനംതിട്ട : ജലക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി കുടിവെളള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും പി.ഐ.പി. കനാല്‍, സബ് കനാല്‍ എന്നിവിടങ്ങളിലെ ലീക്കേജ് കണ്ടെത്തി പരിഹരിച്ച് പൊതുജനങ്ങള്‍ക്ക് ജലം ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു.
കൊറോണ വൈറസ് രോഗം പ്രതിരോധിക്കുന്നതിന് അതീവജാഗ്രത പുലര്‍ത്തണം. പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ വിദ്യാര്‍ഥികള്‍ പെരുമാറുന്നതിനെതിരേ പോലീസ് ശ്രദ്ധ പുലര്‍ത്തണം. നാരങ്ങാനം പഞ്ചായത്തിന്റെ പരിധിയിലുളള ഓട്ടോ സ്റ്റാന്റില്‍ ഓട്ടോ റിക്ഷകളുടെ സ്ഥാനം നിജപ്പെടുത്തി കൊടുക്കണം. എല്ലാ പഞ്ചായത്തുകളിലും ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കമ്മിറ്റി അടിയന്തരമായി ചേരണം. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ടെന്‍ഡര്‍ ആയതായി പിഡബ്ല്യുഡി അറിയിച്ചു. കോഴഞ്ചേരി – മണ്ണാറക്കുളഞ്ഞി റോഡില്‍ കടമ്മനിട്ട – കല്ലേലി ജംഗ്ഷനില്‍ കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം. കോഴഞ്ചേരി പുന്നയ്ക്കാട് ജംഗ്ഷനില്‍ വെയിറ്റിംഗ് ഷെഡ് അനുവദിക്കണം.
വഴിയോരക്കച്ചവടക്കാരുടെ അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധനകള്‍ കാര്യക്ഷമമായി നടന്നുവരുന്നുണ്ടെന്നും അഞ്ചു കേസുകളിലായി 8,000 രൂപ പിഴ ഈടാക്കിയതായും ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു. ഓമല്ലൂര്‍ അമ്പലം – ഇലന്തൂര്‍ റോഡില്‍ പ്രക്കാനം ഓര്‍ത്തഡോക്‌സ് പളളിക്കുസമീപം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി വെളളം വലിയ അളവില്‍ നഷ്ടമാകുന്നത് എത്രയുംവേഗം പരിഹരിക്കുവാന്‍ വാട്ടര്‍ അതോറിട്ടിക്ക് നിര്‍ദ്ദേശം നല്‍കി. ഓമല്ലൂര്‍ – കുളനട പി.ഡബ്ല്യു.ഡി. റോഡില്‍ മുറിപ്പാറ ജംഗ്ഷനും, തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിനും ഇടയിലായി റോഡ് പണിക്കിടയില്‍ ഓട മണ്ണിട്ട് മൂടിയതിനാല്‍ സമീപ പ്രദേശത്തെ വീടുകളിലെ കിണര്‍ വെളളം കലങ്ങി ഉപയോഗപ്രദമല്ലാത്തതിനാല്‍ എത്രയും വേഗം മണ്ണുമാറ്റുന്നതിനുളള നടപടി സ്വീകരിക്കണമെന്നും താലുക്ക് വികസന സമിതി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത്, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ്, ആന്റോ ആന്റണി എംപിയുടെ പ്രതിനിധി കെ. എസ്. പാപ്പച്ചന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടിറ്റി ജോണ്‍സ് കച്ചിറ, വത്സമ്മ മാത്യു, എന്‍. ബിസ്മില്ലാ ഖാന്‍, തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, തഹസില്‍ദാര്‍ (ഭൂരേഖ) വി. എസ്. വിജയകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. ബാബുലാല്‍ എന്നിവര്‍ പങ്കെടുത്തു.