കോഴഞ്ചേരി:കേരളാ കോണ്‍ഗ്രസ് അംഗം റോയ് ഫിലിപ്പ് കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്; ഇരുമുന്നണികളും അവകാശികള്‍ അത്യപൂര്‍വമായ ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പിനാണ് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാളുടെ പേര് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ നിര്‍ദേശിക്കുന്നു. രണ്ടു പേരും പറയുന്നു ഓന്‍ ഞമ്മളുടെയാളാണെന്ന്. എതിര്‍ക്കാന്‍ വേറെ ആരുമില്ലാത്തതിനാല്‍ വളരെ ഭവ്യതയോടെ അദ്ദേഹം പ്രസിഡന്റാകുന്നു. കേരളാ കോണ്‍ഗ്രസ് അംഗം റോയ് ഫിലിപ്പാണ് രണ്ടു മുന്നണികളുടെയും പ്രസിഡന്റായി പഞ്ചായത്തിനെ ഇനി നയിക്കുക. താങ്കള്‍ ഏതു മുന്നണിയുടെ പ്രസിഡന്റ് എന്ന് ചോദിക്കരുത്. റോയ് ഫിലിപ്പ് പറയില്ല. പക്ഷേ, എല്‍ഡിഎഫും യുഡിഎഫും പ്രത്യേകം പ്രത്യേകം അവകാശപ്പെടും ഇതു ഞങ്ങളുടെ പ്രസിഡന്റാണെന്ന്.
ബി.ജെ.പി യിലെ രണ്ട് അംഗങ്ങള്‍ വിട്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കോണ്‍ഗ്രസില്‍ നിന്നുള്ള ജിജി വറുഗീസും എല്‍.ഡി.എഫിലെ ജനതാദള്‍ അംഗം ബിജോ പി. മാത്യുവും റോയ് ഫിലിപ്പിന്റെ പേര് നിര്‍ദേശിച്ചു. കോണ്‍ഗ്രസിലെ റാണി കോശിയും സി.പി.എമ്മിലെ ബിജിലി പി. ഈശോയും പിന്താങ്ങുകയും ചെയ്തു. ഇതോടെ വരണാധികാരി റോയ് ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് എല്‍.ഡി.എഫിലെ മിനി സുരേഷും സ്ഥിരം സമിതി അധ്യക്ഷ കോണ്‍ഗ്രസിലെ സുനിതാ ഫിലിപ്പും ചേര്‍ന്ന് റോയിയെ സ്വീകരിച്ചു.
തുല്യ അംഗബലമുള്ള ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തില്‍ യു.ഡി.എഫ് പ്രസിഡന്റും എല്‍.ഡി.എഫ് വൈസ് പ്രസിഡന്റുമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം ബി.ജെ.പിക്ക് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവുമുണ്ട്. ശേഷിച്ച ഒരാള്‍ സ്വതന്ത്രനാണ്. യു.ഡി.എഫിലെ ധാരണ പ്രകാരം ആദ്യം കോണ്‍ഗ്രസും പിന്നീട് കേരളാ കോണ്‍ഗ്രസും പ്രസിഡന്റ് സ്ഥാനം പങ്കിടണം.
എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാന്‍ വൈകിയെന്നാരോപിച്ച് കേരള കോണ്‍ഗ്രസിലെ രണ്ടംഗങ്ങള്‍ എല്‍.ഡി.എഫിനൊപ്പം അവിശ്വാസത്തിന് നോട്ടീസ് നല്‍കി. പിന്നാലെ പ്രസിഡന്റ് രാജി വച്ചു. ഇതോടെ ഇനിയുള്ള കാലം കേരളാ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നതല്ലാതെ പരസ്യ പ്രഖ്യാപനം ഉണ്ടായില്ല.
ഇതിനിടെ യു.ഡി.എഫ് കേരളാ കോണ്‍ഗ്രസ് അംഗം റോയി ഫിലിപ്പിനെ
പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി അഞ്ച് അംഗങ്ങള്‍ക്കും വിപ്പും നല്‍കി. വിപ്പ് ലംഘിച്ചാല്‍ കൂറുമാറ്റ നടപടി ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു. സ്വതന്ത്രന്റെ പിന്തുണ ഇവര്‍ ഉറപ്പാക്കിയെന്നാണ് അവകാശവാദം. തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്ക്കാന്‍ ബി.ജെ.പി അവരുടെ രണ്ടംഗങ്ങള്‍ക്കും വിപ്പ് നല്‍കി. ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ കേരളാ കോണ്‍ഗ്രസിലെ രണ്ടു പേര്‍ ഒപ്പിട്ടതോടെ ഇവര്‍ എല്‍.ഡി.എഫിന്റെ ഭാഗമാണെന്ന് പറയുന്നു. എല്‍.ഡി.എഫും കേരളാ കോണ്‍ഗ്രസിലെ റോയി ഫിലിപ്പിനെ തന്നെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി.
കേരളാ കോണ്‍ഗ്രസിന് തന്നെ പ്രസിഡന്റ് സ്ഥാനം നല്കാന്‍ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. ഇതില്‍ ഘടകകക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ജോസഫ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം എന്ന തീരുമാനം ആര്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രവര്‍ത്തകരോട് വിശദീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കുര്യന്‍ മടയ്ക്കല്‍ ആവശ്യപ്പെട്ടു. സി.പി.ഐ മുന്‍ ലോക്കല്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ എം.എസ് പ്രകാശ് കുമാര്‍ കൂടുതല്‍ വ്യക്തമായി പ്രസ്താവന ഇറക്കി. യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് പ്രതിനിധി വന്നാല്‍ സ്വതന്ത്രനായ ടി.ടി.വാസു പിന്തുണയ്ക്കില്ല എന്നറിയാവുന്ന ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് വിരിച്ച വലയില്‍ എല്‍.ഡി.എഫ് ചാടി കുരുങ്ങിയ അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം പറയുന്നു.
വാസു വോട്ട് ചെയ്തില്ലെങ്കിലും എല്‍.ഡി.എഫ് വോട്ട് കൂടി വരുമ്ബോള്‍ ജോസഫ് ഗ്രൂപ്പ് പ്രസിഡന്റ് ആവും എന്ന വളരെ ലളിതമായ കണക്ക് നടപ്പാക്കുകയാണ്. മറ്റ് എന്തൊക്കെയോ പരിഗണനകളില്‍ സി.പി.എമ്മിന്റെ ചില നേതാക്കളും ഇതിന്റെ കൂടെ ബലം പിടിച്ച് നില്‍ക്കുന്നു. സ്വതന്ത്രനായ വാസു സി.പി.എം മെമ്ബറായ സോണി കൊച്ചുതുണ്ടിയിലിനെപ്രസിഡന്റ് സ്ഥാനത്തേക്ക് നിരുപാധികം പിന്തുണയ്ക്കാം എന്ന് ഉറപ്പു നല്‍കിയിട്ടും മൂന്ന് വര്‍ഷക്കാലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന് ലഭിക്കുമെന്ന് അറിയാമായിരുന്നിട്ടും അതുപോലും വേണ്ടെന്നു വച്ച് യു.ഡി.എഫില്‍ നിന്നു കൊണ്ട് എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റാകുവാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിക്ക് ഇവര്‍ അവസരം ഒരുക്കുകയാണ്.
ഇതിനായി ചില സി.പി.എം നേതാക്കള്‍ ബലം പിടിച്ച് ഇറങ്ങിയിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ലെന്നും പ്രകാശ് പറയുന്നു. മുന്നണി മാറി എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം പിന്തുണച്ച കേരളാ കോണ്‍ഗ്രസ് അംഗത്തെ തന്നെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആക്കുകയും വിപ്പ് നല്‍കുകയും ചെയ്ത യു.ഡി.എഫ് നിലപാട് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമതി അംഗം മാത്യൂസ് ജോര്‍ജ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്-മൂന്ന്, കേരളാ കോണ്‍ഗ്രസ്-രണ്ട്, സി.പി.എം-രണ്ട്, സി.പി.ഐ-ഒന്ന്, ജനതാദള്‍-ഒന്ന്, എന്‍.സി.പി-ഒന്ന്, ബി.ജെ.പി-രണ്ട്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് 13 അംഗ ഭരണസമിതിയിലെ കക്ഷി നില.