കോഴഞ്ചേരി : രാജ്യത്തു തന്നെ ആദ്യമായി 45 ദിവസം കോവിഡ് 19 പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന അറുപത്തി മൂന്നുകാരിയായ ഷേര്‍ളി എബ്രഹാമിന്റെ രോഗമുക്തി ആരോഗ്യരംഗത്തിന്റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. രോഗമുക്തിക്ക് ഉപരിയായി രാജ്യത്തു തന്നെ ദീര്‍ഘമായ 45 ദിവസമെന്ന കാലയളവ് പിന്നിട്ടാണ് ഷേര്‍ളിയുടെ പരിശോധനാ ഫലം നെഗറ്റീവായത്. കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എസ്. പ്രതിഭയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമിന്റെ സൂക്ഷ്മതയാണ് ഷേര്‍ളിയെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവന്നത്. കോവിഡ് ബാധിച്ച് കടന്നു പോയ ദിനങ്ങളെപ്പറ്റി ഷേര്‍ളിയുടെ വാക്കുകളിലൂടെ.
മാര്‍ച്ച് മൂന്നിന് റാന്നി ഐത്തലയിലെ റിജോയും കുടുംബവും വടശേരിക്കരയിലെ വീട്ടിലെത്തിയിരുന്നു. അധികം നേരം ഇരിക്കാതെ അവര്‍ പോയി. പിറ്റേദിവസം മാര്‍ച്ച് നാലിനു ഞങ്ങള്‍ അങ്ങോട്ടും പോയി. മാര്‍ച്ച് എട്ടിനു ടിവിയില്‍ ഇറ്റലി കുടുംബവുമായി നേരിട്ട് ബന്ധമുള്ളവര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്ന് വാര്‍ത്ത കണ്ടു. ഹെല്‍ത്ത് സെന്ററില്‍ വിളിച്ചു പറഞ്ഞു. ഹെല്‍ത്തില്‍ നിന്നും ആളു വന്നു. 14 ദിവസം വീട്ടിലിരിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞു. വീട്ടിലും വീടിനടുത്തും പ്രായമായവരും കുട്ടികളും ഉള്ളതിനാല്‍ സ്വമനസാലെ ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞു. ആംബുലന്‍സ് വന്നു. എന്നെയും മകള്‍ ഗ്രീഷ്മ ജോസിനെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. മാര്‍ച്ച് ഒന്‍പതിന് ഭര്‍ത്താവ് കൊച്ചുമക്കളെയും കൊണ്ട് പുറത്തിറങ്ങിയതിന് നാട്ടുകാര്‍ വിളിച്ച് ആശുപത്രിയില്‍ പറഞ്ഞു. അങ്ങനെ 14 ദിവസം അപ്പച്ചന്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ കിടന്നു.
കോഴഞ്ചേരി ആശുപത്രിയില്‍ ഞങ്ങള്‍ക്ക് നല്ല പരിചരണം ആയിരുന്നു. ഡോ. അഭിലാഷും ഡോ. ശരത്തും പ്രതിഭ മാഡവുമെല്ലാം നന്നായി നോക്കുമായിരുന്നു. രോഗപ്രതിരോധ ശേഷി കുറവായതിനാലാണ് എന്റെ രോഗം ഭേദമാകാന്‍ താമസിച്ചത്. പ്രതിഭാ മാഡം എനിക്ക് കഴിക്കാന്‍ സ്‌പെഷല്‍ ആയി ഭക്ഷണം കൊണ്ടുത്തരും. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നത് മാര്‍ച്ച് 13നാണ്. റിസള്‍ട്ട് പോസിറ്റീവാണെന്ന് പറഞ്ഞപ്പോള്‍ പേടിയുണ്ടായിരുന്നു. ധൈര്യത്തോടെ ഇരിക്കമ്മേ, സുഖപ്പെട്ടിട്ടേ ഇവിടുന്ന് പോകുള്ളൂ എന്ന് അഭിലാഷ് ഡോക്ടര്‍ പറഞ്ഞതായിരുന്നു ഒരു സമാധാനം. ഓരോ ദിവസവും മുറിയില്‍ എത്തുമ്പോള്‍ എന്താ ചെയ്യുന്നതെന്ന് അഭിലാഷ് ഡോക്ടര്‍ ചോദിക്കും. പാട്ടെഴുതുകയാണെന്ന് പറയും. ഡോക്ടര്‍ വാങ്ങി വായിച്ചു നോക്കും. ഒരു ദിവസം പാട്ടെഴുതിയത് എവിടെ എന്നു ചോദിച്ചു ഡോക്ടര്‍ വന്നപ്പോള്‍ പേപ്പര്‍ ഇല്ലാത്തതിനാല്‍ എഴുതിയില്ലെന്ന് അറിയിച്ചു. അപ്പോഴേക്കും പേപ്പര്‍ കൊണ്ടുത്തന്നു. അങ്ങനെ പാട്ടെഴുതിയും വായിച്ചു കേള്‍പ്പിച്ചും പടം വരച്ചും വേദപുസ്തകം വായിച്ചുമൊക്കെ സമയം കഴിച്ചു കൂട്ടി. ആശുപത്രിയില്‍ ആവശ്യാനുസരണം വായിക്കാന്‍ മാസികയും കഥ പുസ്തകവും വേദ പുസ്തകവും എല്ലാം കൊണ്ടുത്തരും. എന്നും ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാം വന്ന് ധൈര്യം തന്നോണ്ടിരുന്നതുകൊണ്ട് പേടിയില്ലായിരുന്നു.
നാല് ആഴ്ച കഴിഞ്ഞപ്പോള്‍ ഗ്രീഷ്മയുടെ റിസള്‍ട്ട് നെഗറ്റീവ് ആയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. ഭര്‍ത്താവ് പണ്ടു മുതലേ വീട്ടില പാചകം ഒക്കെ ചെയ്യുന്നതുകൊണ്ട് അതിനേക്കുറിച്ച് വേവലാതി ഇല്ലായിരുന്നു. കുറേ ദിവസം കഴിഞ്ഞ് എന്നെ വേറെ മുറിയിലേക്ക് മാറ്റി. ജനലില്‍ കൂടി താഴെക്കൂടി പോകുന്നവരെയും വരുന്നവരെയും ഒക്കെ കണ്ട് കാറ്റ് കൊണ്ടിരിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. അങ്ങനെ 45-ാം ദിവസം റിസള്‍ട്ട് നെഗറ്റീവായി. 46 ഉം 47 ഉം റിസള്‍ട്ട് നെഗറ്റീവ് ആയപ്പോള്‍ 48 -ാം ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
നാടിനു വേണ്ടിയും നാട്ടുകാര്‍ക്ക് വേണ്ടിയും രാപകലില്ലാതെ ജോലി ചെയ്യുന്ന കളക്ടര്‍ നൂഹ് സാറിനും എന്റെ മക്കളായ അഭിലാഷ് ഡോക്ടറിനും ശരത് ഡോക്ടറിനും പ്രതിഭാ മാഡത്തിനും ഒരുപാട് നന്ദി. എന്റെ മക്കള്‍ ആണവര്‍ മൂന്നുപേരും. നല്ല പരിചരണമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ഒരുപാട് നന്ദിയുണ്ട്- ഷേര്‍ളി പറഞ്ഞു.