കോഴിക്കോട്: ബീച്ചില്‍ തിരയില്‍ അകപ്പെട്ട് കാണാതായ രണ്ട് കുട്ടികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കുട്ടികളെ കണ്ടെത്താനായി ഡ്രോണ്‍ വഴിയുള്ള തെരച്ചില്‍ നടത്തുമെന്ന് സ്ഥലത്തെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. ഒളവണ്ണ സ്വദേശികളായ ആദിന്‍ ഹസന്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് രാവിലെ എട്ടുമണിയോടെ കളിക്കുന്നതിനിടെ, കടലിലകപ്പെട്ടത്. ബീച്ചിന് സമീപം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നു.
വെള്ളത്തില്‍വെച്ചാണ് കുട്ടികള്‍ കളിച്ചത്. ഇതിനിടയില്‍ മൂവരും തിരയില്‍ അകപ്പെടുകയായിരുന്നു. ഇതില്‍ ഒരു കുട്ടിക്ക് നീന്തിരക്ഷപ്പെടാന്‍ സാധിച്ചെങ്കിലും മറ്റ് രണ്ട് പേര്‍ക്ക് കഴിഞ്ഞില്ല. ശക്തമായ തിരയാണ് കടലില്‍ അനുഭവപ്പെടുന്നത്. ഇതാകാം കുട്ടികളുടെ അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു. കൂടെയുളളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.