കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ചെക്യാടിന് പിന്നാലെ തിരുവളളൂരിലും കോവിഡ് ആശങ്ക. 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ രോഗ ബാധിതരുടെ എണ്ണം 33 ആയി. ചെക്യാട് ഡോക്ടറുടെ കല്യാണ വീട് ഉള്‍പ്പെടുന്ന ക്ലസ്റ്ററിലും പുതിയ രോഗബാധിതരെ കണ്ടെത്തി. തിരുവള്ളൂരില്‍ 200 പേര്‍ക്കിടയില്‍ നടത്തിയ ആന്‍റിജന്‍ പരിശോധയിലാണ് ഇന്നലെ 17 പേര്‍ കൂടി കോവിഡ് 19 ബാധിതരാണെന്ന് കണ്ടെത്തിയത്. പഞ്ചായത്തില്‍ 16 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ചെക്യാട് ഇന്നലെ 135 പേര്‍ക്കിടയില്‍ ആന്‍റിജന്‍ പരിശോധന നടത്തിയതിലാണ് ഏഴ് പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയത്. ഇവര്‍ ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് രോഗം വന്നവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്. ഇതോടെ വിവാഹ വീട് ഉള്‍പ്പെടുന്ന ക്ലസ്റ്ററില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി. കോഴിക്കോട് കോര്‍പ്പറേഷനിലും സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക കൂട്ടുന്നു. മിഠായിത്തെരുവ് പ്രദേശമടക്കം കണ്ടെയ്ന്‍മെന്‍റ് സോണിലാണ്.