കൊച്ചി : കോഴിക്കോട് ഇരട്ടസ്ഫോടനക്കേസില്‍ പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റപത്രം തയ്യാറാക്കിയ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്ഫോടനം നടന്നു നാലു വര്‍ഷത്തോളം അന്വേഷണ സംഘം ഇരുട്ടില്‍ തപ്പിയെന്നും മറ്റൊരു സ്ഫോടനക്കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ഹാലിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ‘പ്രതികളെ നിര്‍ബന്ധിച്ചും പീഡിപ്പിച്ചും തെളിവുണ്ടാക്കുന്നത് നിയമപ്രകാരം അനുവദനീയമാണെങ്കില്‍ കഷ്ടപ്പെട്ടുള്ള അന്വേഷണവും തുടര്‍ന്നുള്ള ദീര്‍ഘമായ സാക്ഷിവിസ്താരവും രേഖകളുടെ പരിശോധനയുമൊക്കെ എന്തിനാണ്? അന്വേഷണം വേണ്ടെന്നു വന്നാല്‍, കുറ്റക്കാരുടെ കണ്ണില്‍ മുളകുതേച്ചു കേസ് തെളിയിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അതു സഹായമാകു’മെന്ന ക്രിമിനല്‍ നിയമചരിത്രവുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തിലെ വാചകങ്ങളും വിധിന്യായത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
നാലു വര്‍ഷം കഴിഞ്ഞ് അന്വേഷണം ഏറ്റെടുക്കേണ്ടി വന്ന എന്‍.ഐ.എയുടെ സ്ഥിതി മനസിലാകും. എന്നാല്‍ കുറ്റം തെളിയിക്കാന്‍ വസ്തുതകള്‍ കണ്ടെത്തേണ്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചില്ലെന്നതു പറയാതിരിക്കാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ മുളകിനെ ആശ്രയിച്ചോയെന്നു പറയാന്‍ ഒരുമ്പെടുന്നില്ല. ഈ കേസില്‍ പ്രതികളെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന മൊഴികള്‍ മറ്റൊന്നും നോക്കാതെ രേഖപ്പെടുത്തുകയാണ് ചെയ്തത്. തെളിവു നിയമത്തിനു വിരുദ്ധമായി പ്രതികളുടെ മൊഴികള്‍ പോലും രേഖപ്പെടുത്തി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നു കരുതാനാവില്ല. ഇവയൊക്ക വിമര്‍ശിക്കപ്പെടേണ്ടതാണ്. സ്ഫോടകവസ്തു നിയമ പ്രകാരം വിചാരണ നടത്താന്‍ ജില്ലാ മജിസ്ട്രേട്ടിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ പാലിച്ചില്ല. പകരം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടെന്നാണ് വാദിച്ചത്. ജില്ലാ മജിസ്ട്രേട്ടിന്റെ അനുമതി തന്നെ വേണം. ഇതിന്റെ ഉന്നതാധികാരി കേന്ദ്ര സര്‍ക്കാരല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.