തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കേരള പോലീസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ കേരള പോലീസിന് വലിയ വീഴ്ചയും ജാഗ്രതക്കുറവുണ്ടായെന്നും പ്രതി രക്ഷപെട്ടത് തന്നേ പോലീസ് വീഴ്ച്ച കാരണമാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളം – അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് ഷാറൂഖ് സെയ്ഫി യാത്ര തുടര്‍ന്നു. കാര്യക്ഷമായ പോലീസ് ഇടപെടലോ പരിശോധനകളോ ഉണ്ടായിരുന്നെങ്കില്‍ കേരള അതിര്‍ത്തി കടക്കും മുന്‍പ് പ്രതിയെ പിടികൂടാമായിരുന്നുവെന്ന് പറഞ്ഞ വി ഡി സതീശന്‍, ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അക്രമ സംഭവത്തില്‍ സംസ്ഥാനം ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍ അങ്ങേയറ്റം ഉദാസീനമായാണ് കേരള പോലീസ് പെരുമാറിയതെന്നും കുറ്റപ്പെടുത്തി.
അതേസമയം ട്രെയിന്‍ തീവെപ്പ് കേസില്‍ മുഖ്യപ്രതി ഷാരുഖ് സെയ്ഫിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പോലീസ്. ചോദ്യം ചെയ്യലിനെ ഷാരൂഖ് ‘ശാസ്ത്രീയമായി’ നേരിടുന്നു എന്നാണ് പോലീസ് വിലയിരുത്തല്‍. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് ഷാരൂഖ് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ വഴി തെറ്റിക്കാന്‍ നീക്കം നടക്കുന്നതായാണ് പോലീസ് സംശയിക്കുന്നത്.