കോഴിക്കോട്: ബാലുശ്ശേരിയില്‍ അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിച്ച ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. അസി. കണ്‍സര്‍വേറ്റര്‍ പി.സത്യപ്രഭയുടെ നേതൃത്വത്തിലാണ് ബാലുശ്ശേരി ഗായത്രിയില്‍ പ്രഭാകരന്റെ ഉടമസ്ഥയിലുള്ള ഗജേന്ദ്രന്‍ എന്ന ആനയെ കസ്റ്റഡിയിലെടുത്തത്. ബാലുശ്ശേരി പൊന്നാരംതെരു ക്ഷേത്രത്തില്‍ ഫെബ്രുവരി 24, 25, 26 തിയതികളിലാണ് ആനയെ വനം വകുപ്പിന്റെ അനുമതിയില്ലാതെ എഴുന്നള്ളിച്ചത്. ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് നടപടിയുണ്ടായത്. ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും നേരത്തെ വനം വകുപ്പ് കേസെടുത്തിരുന്നു.
കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന നാട്ടാനപരിപാലന കമ്മിറ്റി യോഗത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ആനയെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയത്. വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യന്‍, ഡോ. രഞ്ജിത്ത് ബി. ഗോപന്‍, റെയിഞ്ച് ഓഫീസര്‍ എം.പി സജീവ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസർ പി. ഇബ്രാഹിം എന്നിവരാണ് പരിശോധന നടത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ആനയെ ഉടമയ്ക്ക് തന്നെ തിരിച്ചേല്‍പ്പിച്ചു.