കോഴിക്കോട്: വോട്ടർമാർ ഒഴുകിയെത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആവേശകരമായ പോളിങ്. കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിൽ രാവിലെമുതൽ കനത്തപോളിങ്ങാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ 73.76 ശതമാനം പേരും വടകര മണ്ഡലത്തിൽ 74.90 ശതമാനംപേരും വോട്ട് രേഖപ്പെടുത്തി. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ട് 81.47 ശതമാനവും വടകരയിൽ 82.48 ശതമാനവുമായിരുന്നു പോളിങ്. ജില്ലയിൽ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രി വൈകിയും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു ബൂത്തുകളിൽ. പല ബൂത്തുകളിലും വോട്ടെടുപ്പ് അവസാനിക്കേണ്ട ആറുമണിയും കഴിഞ്ഞ് പോളിങ് രാത്രി വൈകുംവരെ നീണ്ടു.
വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വ്യാപകമായി വോട്ടെടുപ്പ് വൈകിയത്. മണിക്കൂറുകൾ വൈകിയിട്ടും വടകരയിലെ പല ബൂത്തുകളിലും നൂറുകണക്കിനാളുകൾ വരിനിൽക്കുന്നുണ്ടായിരുന്നു. രാത്രി 9.40 ആയപ്പോൾ 2248 ബൂത്തുകളിൽ 1694 എണ്ണത്തിൽ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയായത്. 284 ബൂത്തുകളിൽ അപ്പോഴും വോട്ടെടുപ്പ് പുരോഗമിക്കുകയായിരുന്നു. വടകരമണ്ഡലത്തിൽ രാത്രി 11.47ഓടെയും കോഴിക്കോട് മണ്ഡലത്തിൽ രാത്രി 11.30 യോടെയുമാണ് പോളിങ് പൂർത്തിയായത്. പലയിടങ്ങളിലും യന്ത്രത്തകരാർ കാരണം പോളിങ് തുടങ്ങാൻ വൈകിയതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും മെല്ലെപ്പോക്കിന് കാരണമായി. വടകര മണ്ഡലത്തിൽ ഓപ്പൺവോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികളുയർന്നതും പോളിങ് വൈകിച്ചു. പോളിങ് വൈകിപ്പിച്ചതിന് പിന്നിൽ വൻഗൂഢാലോചനയുണ്ടെന്ന് യു.ഡി.എഫ്. പറഞ്ഞു.