പാലാ: ത്രിതലപഞ്ചായത്തുകളിലേക്കുള്ള നാമനിർദേശപത്രികാ സമർപ്പണം ആരംഭിച്ചിരിക്കെ മുന്നണികളിൽ പാളയത്തിൽ പട തുടങ്ങിക്കഴിഞ്ഞു. പാലാ മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് നിർണയകമായിരിക്കെ പാലായും പുതുപ്പള്ളിയുമായുള്ള അതിർത്തി പങ്കിടുന്ന പഞ്ചായത്തായ കൊഴുവനാൽ ആണ് ശ്രദ്ധാകേന്ദ്രമാകുന്നത്.
കൊഴുവനാൽ യുഡിഎഫിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ജോസഫ് വിഭാഗം നേതാവ് ജോസ്മോൻ മുണ്ടക്കലാണ്. സീറ്റ് വിഭജനം മുതൽ സ്ഥാനാർഥി നിർണയം വരെയുള്ള കാര്യങ്ങൾ മുന്നണി-പാർട്ടി സംവിധാനങ്ങൾ അറിഞ്ഞതേയില്ല എന്നാണ് കോൺഗ്രസിലെയും ജോസഫ് വിഭാഗത്തിലെയും ചില നേതാക്കൾ രഹസ്യമായി പറയുന്നത്.
കോൺഗ്രസ് മത്സരിച്ചിരുന്ന കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡിൽ മാസങ്ങൾക്ക് മുൻപേ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റായിരുന്ന ശ്രീ. രാജേഷ് പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. യുവാക്കൾക്ക് പ്രാധിനിത്യം നൽകുമെന്ന നേതൃത്വത്തിന്റെ ഉറപ്പും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പക്ഷേ അടുത്ത കാലത്ത് ജോസഫ് ഗ്രൂപ്പിലെത്തിയ ജോസ്മോൻ മുണ്ടക്കലിന്റെ അടുപ്പക്കാരനായ മാർട്ടിന് വേണ്ടി ഈ സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് പിടിച്ചെടുത്തു. ഇദ്ദേഹം അടുത്ത കാലത്തൊന്നും രാഷ്ട്രീയപ്രവർത്തനം പോലും നടത്തിയിരുന്നില്ല എന്നാണ് ജോസഫ് ഗ്രൂപ്പിലെ ചിലർ തന്നെ സ്വകാര്യ സംഭാഷണങ്ങളിൽ പറയുന്നത്.
അതേ സമയം ജോസഫ് ഗ്രൂപ്പിന് വേണ്ടി ശ്രീമതി ആലീസ് ജോയി മത്സരിക്കുന്ന രണ്ടാം വാർഡിൽ കോൺഗ്രസ് നേതാവും പഞ്ചായത്തു വൈസ് പ്രസിഡന്റുമായിരുന്ന ശ്രീമതി ബിനിമോൾ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമതസ്ഥാനാർഥിയായി മത്സരിക്കുകയാണ്. നിലവിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന കോൺഗ്രസ് നേതാവ് ശ്രീമതി ഷാലറ്റ് എഴുത്തുപള്ളിക്കലിന് പഞ്ചായത്തു സീറ്റ് പോലും ലഭിച്ചില്ല.
അതേസമയം പന്ത്രണ്ടാം വാർഡിൽ കുറച്ചുകൂടി വ്യത്യസ്തമാണ് കാര്യങ്ങൾ. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ തലമുതിർന്ന കോൺഗ്രസ് നേതാക്കൾ ഒരുപാടുണ്ടായിട്ടും കേരളാ കോൺഗ്രസ് കുടുംബത്തിലെ ശ്രീ മെർലി ജെയിംസ് കോയിപ്രായിലിനെ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് തീരുമാനം.
പരാതിയുമായി ചെന്ന കോൺഗ്രസ് നേതാക്കളോട് ജോസഫ് ഗ്രൂപ്പിന്റെ നിർദേശങ്ങൾ പാലിക്കാനാണ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. കൊഴുവനാൽ പഞ്ചായത്തിൽ കോൺഗ്രസ് നേരിടേണ്ടി വരുന്ന അപമാനത്തിൽ കനത്ത പ്രതിഷേധമുണ്ടെങ്കിലും നേതൃത്വത്തെ തള്ളാൻ സാധിക്കാത്തതിനാൽ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസിനെ ശക്തിപ്പെടുത്താനും ഒറ്റക്ക് കോട്ടയം ജില്ല പിടിച്ചെടുക്കാനുമുദ്ദേശിച്ചാണ് കേരളാ കോൺഗ്രസ് എം ജോസ് കെ മാണി നേതൃത്വം നൽകുന്ന വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയത്. പക്ഷെ കോട്ടയം ജില്ലയിലുടനീളം ലീഗും ജോസഫ് ഗ്രൂപ്പും അടങ്ങുന്ന ഘടകകക്ഷികൾ കോൺഗ്രസ് സീറ്റുകൾ പിടിച്ചെടുക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.