കോഴിക്കോട് : വഖഫ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പില്‍ പുതുമയില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇതേകുറിച്ച് പ്രതികരിക്കുകയായിരുന്നു മജീദ്.
ഈ നിയമം 2017ല്‍ വന്നതാണ്. 2021 ആയിട്ടും പി എസ് സിക്ക് വിട്ടുള്ള തീരുമാനം നടപ്പാക്കിയിട്ടില്ല. 2017ല്‍ വന്നിട്ട് ഇതുവരെ നടപ്പാക്കാതെ വെച്ച നിയമം ഇനിയും ഉടന്‍ നടപ്പാക്കില്ലെന്ന് പറയുന്നതില്‍ പുതുമയില്ലെന്നും മജീദ് പറഞ്ഞു. മുസ്ലിം ലീഗിന്റെ ആവശ്യം നിയമം പിന്‍വലിക്കണമെന്നാണ്. അതുകൊണ്ടുതന്നെ സമരത്തില്‍ നിന്നും ഒരടി പിന്നോട്ടില്ല.
വഖഫ് നിയമനം പി എസ് സിക്ക് വിട്ട വിഷയത്തില്‍ സര്‍കാര്‍ പിന്നോട്ടു പോയിട്ടില്ല. ഒരടി മുന്നോട്ടുമില്ല പിന്നോട്ടുമില്ല എന്ന നിലയില്‍ നില്‍ക്കുകയാണ്. സമര പരിപാടികള്‍ ഊര്‍ജിതമാക്കണമെന്നും അതിന് പള്ളിയില്‍ ബോധവത്കരണം നടത്തണമെന്നും എല്ലാ സംഘടനകളും ചേര്‍ന്ന് എടുത്ത തീരുമാനമാണ്. മറിച്ച് മുസ്ലിം ലീഗിന്റെ മാത്രമല്ലെന്നും കെ പി എ മജീദ് വ്യക്തമാക്കി.