തിരുവനന്തപുരം : കോൺഗ്രസ് നേതാക്കൾ ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി യുടെ നിർദേശം. ചാനൽ ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട പാനലിലെ അംഗങ്ങൾക്കാണ് കെ.പി.സി.സി യുടെ വിലക്ക്.
കോൺഗ്രസ് ഡി.സി.സി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി അറിയിച്ചിരുന്നു. നേതാക്കളുടെ ആവശ്യം അംഗീകരിച്ചത് പൊട്ടിത്തെറിയുണ്ടാകില്ലെന്ന ഉറപ്പിന്മേലായിരുന്നുവെന്നും പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ ഉറപ്പ് നൽകിയിരുന്നുവെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പ്രതികരിച്ചു. പരസ്യ പ്രതികരണം പാടില്ലെന്നും പരാതി പാർട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹെക്കമാൻഡ് നിർദേശിച്ചിരിക്കുകയാണ്.
അതേസമയം ഡി.സി.സി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുൻ എം.എൽ.എ കെ.ശിവദാസൻ നായരെയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാറിനെ പാർട്ടിയിൽ നിന്ന് താൽകാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു.