തിരുവനന്തപുരം : മുരളീധരനും മുല്ലപ്പള്ളിയും സുധീരനും ഇല്ല കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരുന്നു. പുനസംഘടിപ്പിക്കപ്പെട്ട നിർവ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടക്കുന്നത്. സ്ഥിരം ക്ഷണിതാക്കളും, പ്രത്യേക ക്ഷണിതാക്കളും, സംഘടനാപ്രസിഡന്റുമാരും ഇന്നത്തെ കെപിസിസി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പുതിയ ഭാരവാഹികളുടെ ചുമതലയേൽക്കലും ഒപ്പം നടക്കും.
പുനസംഘടന വൈകിയത് കൊണ്ട് കെപിസിസി ചേരുന്നതും വൈകിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ യോഗത്തിൽ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് വി.എം.സുധീരനും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നത്തെ കെപിസിസി യോഗത്തിൽ പങ്കെടുക്കുന്നില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി ദില്ലിയിലായതിനാൽ പ്രചാരണ വിഭാഗം തലവനായ കെ.മുരളീധരൻ എംപിയും യോഗത്തിൽ ഇല്ല.
ഇന്ധനവില വർദ്ധനവിനെതിരെ കൊച്ചിയിൽ ഇന്നലെ നടന്ന സമരം വിവാദമായത് യോഗം ചർച്ച ചെയ്യും. പുനസംഘടിപ്പിക്കപ്പെട്ട നിർവാഹക സമിതിയുടെ ആദ്യയോഗം നാളെയാണ് ചേരുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട സിപിഎം ഉപേക്ഷിച്ച് പാർട്ടിയിലേക്ക് തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺഗ്രസിൽ ചേരും. ഇന്ന് ഉച്ചയ്ക്ക് ശേഷം കെപിസിസിയിലാണ് ചടങ്ങ്. കെപിസിസി അധ്യക്ഷൻ കെ.സുധാകരനാവും ചെറിയാൻ ഫിലിപ്പിന് അംഗത്വം നൽകുക.