തിരുവനന്തപുരം : മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഹമ്മദ് റിയാസിന് വിവരമില്ല, വെറും പുയ്യാപ്ലയെന്ന് കെ സുധാകരൻ പറഞ്ഞു. റിയാസിന് രാഷ്ട്രീയം അറിയാമോ എന്നും കെ സുധാകരൻ ചോദിച്ചു. ചെറുതുരുത്തി സംഘർഷത്തിന് പിന്നിൽ കെ സുധാകരനെന്ന വിമർശനത്തിന് പിന്നാലെയാണ് പരിഹാസം. കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി സ്വാഗതാർഹമാണെന്ന് കെ സുധാകരൻ പറഞ്ഞു. കൽപ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസമാണ് നേരത്തെ വോട്ടെടുപ്പ് തീയതി നിശ്ചയിച്ചിരുന്നത്. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
ഒരു നാടിന്‍റെയും ജനതയുടെയും സാംസ്കാരിക പൈതൃകമാണ് കൽപ്പാത്തി രഥോത്സവത്തിൽ പ്രതിഫലിക്കുന്നത്. ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുവാൻ ജനങ്ങൾ ഐക്യത്തോടെയും സന്തോഷത്തോടെയും ഒരുപോലെ ഒരുമിക്കുന്ന ദിനം കൂടിയാണ്. വോട്ടെടുപ്പ് തീയതിയും കൽപ്പാത്തി രഥോത്സവം ഒരേ ദിവസം വന്നത് വോട്ടർമാരിലും വിശ്വാസികളും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. ഇത്രയും വൈകിപ്പിക്കാതെ നേരത്തെ തന്നെ പ്രതിപക്ഷത്തിന്‍റെ ആവശ്യം കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി മാറ്റുവാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.