തിരുവനന്തപുരം : കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് രാജിവെച്ചു. നേമത്തു മത്സരിക്കാന്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണ് രാജിക്കു കാരണം. അദ്ദേഹം രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ചു. ഭാവി പരിപാടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജയന്‍ തോമസ് ബിജെപിയില്‍ ചേരുമെന്നും അഭ്യൂഹമുണ്ട്.
മൂന്ന് തവണയാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിജയന്‍ തോമസിനെ സീറ്റു നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചത്. ഇതോടെയാണ് ഇനിയും പാര്‍ട്ടിക്കൊപ്പം നില്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹം. നേരത്തെ അദ്ദേഹം സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് രാജിവെക്കുമെന്ന ഘട്ടത്തിലാണ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയത്. മുമ്പ് വിഎസ് ശിവകുമാറിന് വേണ്ടി താന്‍ മാറിക്കൊടുത്തെന്നാണ് വിജയന്‍ തോമസ് പറഞ്ഞിരുന്നത്.
2011ല്‍ കോവളം സീറ്റ് നല്‍കാതിരുന്നത് മുതല്‍ തുടങ്ങിയതാണ് വിജയന്‍ തോമസിന് പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി. 2016ലും സീറ്റ് നിഷേധിച്ചതോടെ അകല്‍ച്ച വര്‍ധിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയര്‍മാന്‍ ആയിരിക്കുമ്പോള്‍ ടൂറിസം മന്ത്രി എ.പി.അനില്‍ കുമാറുമായി നിരന്തര കലഹത്തിലായിരുന്നു വിജയന്‍ തോമസ്. തന്നെ അവഗണിച്ചു കൊണ്ട് മന്ത്രിയെന്ന രീതിയില്‍ അനില്‍കുമാര്‍ നടത്തിയ നീക്കങ്ങളാണ് വിജയന്‍ തോമസും അനില്‍കുമാറും തമ്മില്‍ അകലാന്‍ ഇടയാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കോണ്‍ഗസ് നേതൃത്വം സീറ്റ് വാഗ്ദാനം നടത്തിയെങ്കിലും നിയമസഭാ സീറ്റ് അദ്ദേഹത്തിന് ലഭിച്ചില്ല.
പാര്‍ലമെന്റ് സീറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നല്‍കിയില്ല. ജയ്ഹിന്ദ് ചാനലിന് വേണ്ടി വന്ന മുടക്കുമുതലിന്റെ വലിയ പങ്ക് വിജയന്‍ തോമസിന്റെ വകയായിരുന്നു. ജയ്ഹിന്ദ് ചാനല്‍ യാഥാര്‍ഥ്യമായെങ്കിലും അതിനു പിന്നില്‍ സാമ്പത്തിക പിന്‍ബലമായി നിന്ന വിജയന്‍ തോമസിന് അവഗണന മാത്രമായിരുന്നു കോണ്‍ഗ്രസില്‍ നിന്നും ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് വിജയന്‍ തോമസ് ബിജെപിയിലേക്ക് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്.
പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി ആക്കാമെന്നു മോഹിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കൂടെ നിര്‍ത്തിയ വിജയന്‍ തോമസ് 35 കോടിയില്‍ അധികം രൂപ ചെലവാക്കിയാണ് ജയ്ഹിന്ദ് ചാനല്‍ തുടങ്ങിയത്. പ്രവാസി വ്യവസായിയായ വിജയന്‍ തോമസ് ജയ്ഹിന്ദ് ചാനലിന്റെ ചെയര്‍മാനായിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ അവസരമൊരുക്കാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാഗ്ദാനത്തിലാണ് വിജയന്‍ തോമസ് ജയ്ഹിന്ദില്‍ കോടികള്‍ നിക്ഷേപിച്ചത്. എന്നാല്‍ ലോക്‌സഭയിലും നിയമസഭയിലും മത്സരിക്കാന്‍ അവസരം ഒരുക്കിയില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെടിഡിസി ചെയര്‍മാനായിരുന്നു. കുറച്ചുകാലമായി കെപിസിസി നേതൃത്വവുമായി വിജയന്‍ തോമസ് അകന്നു. ജയ്ഹിന്ദിലെ ഓഹരികള്‍ തിരിച്ചു ചോദിച്ചതായും സൂചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നേതാക്കളെയൊന്നും മഷിയിട്ട നോക്കിയിട്ട് കണ്ടുകിട്ടിയില്ല.
കഴിഞ്ഞ 11 വര്‍ഷമായി കെപിസിസി സെക്രട്ടറി ആണ് വിജയന്‍ തോമസ്. തിരുവനന്തപുരത്ത് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ വന്നതോടെ വിജയന്‍ തോമസ് നെയ്യാറ്റിന്‍കരയില്‍ സ്വാതന്ത്ര സ്ഥാനാര്‍ത്ഥി ആയി. അപ്പോള്‍ രമേശ് ഇടപെട്ടു കോവളം സീറ്റ് തരാമെന്ന് പറഞ്ഞു. എന്നാല്‍ അതും കൊടുത്തില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയമസഭ മണ്ഡലത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോടെ സ്വന്തന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് വിജയന്‍ തോമസ് പറഞ്ഞിരിക്കുന്നത്.
തന്റെ കോടിക്കണക്കിന് രൂപ ഐഗ്രൂപ്പ് നേതാക്കള്‍ കൈപ്പറ്റിയിട്ടും അവഗണന കാട്ടുന്നുവെന്നാണ് വിജയന്‍ തോമസിന്റെ പരാതി. ‘ കോണ്‍ഗ്രസ് എല്ലാം ജാതി നോക്കിയാണ് വീതം വെക്കുന്നത്. ഞാന്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ ആയതുകൊണ്ട് എനിക്ക് തരുന്നില്ല. അതുകൊണ്ട് എന്റെ സമുദായം കൂടുതല്‍ ഉള്ള തിരുവനന്തപുരം. മണ്ഡലത്തില്‍ മത്സരിക്കും, അദ്ദേഹം പറയുന്നു. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലമത്രയും ഉപയോഗിച്ചത് വിജയന്‍ തോമസിന്റെ ഇന്നോവ കാര്‍ ആയിരുന്നുവെന്നും മന്ത്രി ആയപ്പോള്‍ അത് തിരികെ ഏല്പിച്ചുവെന്നും വിജയന്‍ തോമസ് പറയുന്നു.