തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള യാത്രാചെലവ് വഹിക്കാനുള്ള നീക്കം പാളിയതിന് പിന്നാലെ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി കെപിസിസി. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പിസിസികളുടെ സഹായത്തോടെയാണ് പുതിയ നീക്കം ആലോചിക്കുന്നത്. എന്നാൽ ഇതിനോടും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കാനാണ് സാധ്യത.
ആയിരക്കണക്കിന് മലയാളികളെ ബാധിക്കുന്ന വിഷയമെന്ന നിലയില്‍ തങ്ങളുടെ ശ്രമത്തിന് ജനപിന്തുണ കിട്ടുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സോണിയാ ഗാന്ധിയുടെ ആഹ്വാന പ്രകാരം അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കാനുള്ള നീക്കം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. 10 ലക്ഷം രൂപയുടെ ചെക്കുമായി ജില്ലാ കളക്ടര്‍മാരുടെ മുന്നിലെത്തിയ ഡിസിസി അധ്യക്ഷന്‍മാരെ കളക്ടര്‍മാര്‍ മടക്കിയയച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുകൊണ്ടാണ് പണം നൽകാത്തതെന്നും അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരിട്ട് സഹായം നൽകാത്തത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യങ്ങളോട് കെപിസി നേതൃത്വം വ്യക്തമായ മറുപടി നൽകിയില്ല. ഇതിനിടയിലാണ് പ്രവാസികളുടെ മടക്കത്തോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കുന്ന വിഷയം സജീവമായത്.
വിദ്യാര്‍ഥികളടക്കം പല സ്ഥലങ്ങളിലും കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. മതിയായ യാത്രാ പാസില്ലാതെ അതിര്‍ത്തിയിലെത്തിയ മലയാളികളെ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിപക്ഷനേതാവും എംപിമാരുമടക്കം കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിനെ വിമര്‍ശിച്ചു. രോഗവ്യാപന സാധ്യത ചൂണ്ടിക്കാട്ടി ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.
ഈ സാഹചര്യത്തിലാണ് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികളുടെ പിന്തുണയോടെ ആയിരക്കണക്കിന് മലയാളികളെ തിരിച്ചെത്തിക്കാമെന്ന കെപിസിസിയുടെ വാഗ്ദാനം. മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയാല്‍ ചെലവ് കെപിസിസി വഹിക്കും. കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികള്‍, കച്ചവടത്തിനായി പോയ ചെറുകിട വ്യാപാരികള്‍, ദിവസവേതന തൊഴിലാളികള്‍ എന്നിങ്ങനെ ആയിരക്കണക്കിനാളുകളുടെ വിഷയത്തില്‍ നേരിട്ട് ഇടപെടാനൊരുങ്ങുകയാണ് കെപിസിസി.