തിരുവനന്തപുരം : ജില്ലകളിലെ പാര്‍ട്ടി പുന:സംഘടനയില്‍ അച്ചടക്ക നടപടി നേരിട്ടവരെ പരിഗണിക്കരുതെന്ന് കെ.പി.സി.സി നേതൃത്വത്തിന്‍റെ കര്‍ശന നിര്‍ദ്ദേശം. കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ കെപിസിസി അച്ചടക്ക നടപടി എടുത്തിട്ടുള്ളവരെ പുനഃസംഘടനയില്‍ ഒരു തലത്തിലും പരിഗണിക്കരുതെന്നാണ് നിര്‍ദ്ദേശം. എല്ലാ തലത്തിലുമുള്ള ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനമികവും സംശുദ്ധ പശ്ചാത്തലമുള്ളവരും സ്വഭാവ ശുദ്ധിയുള്ളവരും ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നേതൃത്വം ജില്ലാ നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
രാഷ്ട്രീയേതര കേസുകള്‍ ഒഴികെയുളള ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ ഭാരവാഹികളാക്കാന്‍ പാടില്ല. ഓരോ ജില്ലയിലെയും പാര്‍ട്ടി ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ അതാത് ജില്ലകളിലെ സാമൂഹിക ഘടനക്ക് അനുസൃതമായ സോഷ്യല്‍ ബാലന്‍സിങ്ങ് പാലിക്കണമെന്നും കെ.പി.സി.സി നേതൃത്വം ജില്ലാ നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലകളിലെ ജനസംഖ്യാ തോത് അനുസരിച്ചുളള മത-സാമുദായിക പ്രാതിനിധ്യം ഭാരവാഹിത്വത്തിലും വേണമെന്നാണ് സോഷ്യല്‍ ബാലന്‍സിങ്ങ് കൊണ്ട് നേതൃത്വം അര്‍ത്ഥമാക്കുന്നത്. പുന: സംഘടനാ ചര്‍ച്ചകള്‍ക്കായി ജില്ലാ നേതൃയോഗങ്ങള്‍ ആരംഭിക്കുമ്പോഴാണ് സംസ്ഥാന നേതൃത്വം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മതസാമുദായിക സംതുലനം പാലിക്കുന്നതിനൊപ്പം ജില്ലകളിലെ നേതൃത്വത്തില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പരിഗണന നല്‍കാനും തീരുമാനമുണ്ട്.
വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഡി.സി.സി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് എന്നിവയില്‍ മതിയായ പ്രാതിനിധ്യം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദേശം. ജില്ലയില്‍ ബ്ലോക്ക് പ്രസിഡന്റായി നിയമിക്കപ്പെടുന്നവരില്‍ ഒരാള്‍ വനിത ആയിരിക്കണം. അസംബ്ലി നിയോജക മണ്ഡലത്തില്‍ ഒരു മണ്ഡലത്തിലെങ്കിലും വനിതകളെ പ്രസിഡന്റുമാരായി നിയമിക്കണമെന്നുമാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം അനുശാസിക്കുന്നത്. പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുന:സംഘടന നടപടികള്‍ ആലോചിക്കാന്‍ മലപ്പുറം ഡി.സി.സിയുടെ യോഗം ഇന്ന് നടക്കും.
പുതുതായി നിയമിക്കപ്പെടുന്ന ഡി.സി.സി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരില്‍ കുറഞ്ഞത് 50 ശതമാനം പേരെങ്കിലും 50 വയസ്സില്‍ താഴെയുള്ള യുവജനങ്ങളും, പുതുമുഖങ്ങളും ആയിരിക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം നടപ്പിലാക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, ചെയര്‍മാന്‍, മേയര്‍ പദവികള്‍ അലങ്കരിക്കുന്നവര്‍ക്കും സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദം വഹിക്കുന്നവര്‍ക്കും ഇരട്ട പദവി തത്വമനുസരിച്ചു ഭാരവാഹികളകാന്‍ കഴിയില്ല. അവര്‍ക്ക് അതാത് ഘടകങ്ങളിലെ എക്സിക്യൂട്ടീവില്‍ അംഗങ്ങളാകാം. ഇതിനൊപ്പമാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ കെ.പി.സി.സി അച്ചടക്ക നടപടി നേരിട്ടവരെ പുനഃസംഘടനയില്‍ ഒരു തലത്തിലും പരിഗണിക്കരുതെന്ന നിര്‍ദ്ദേശമുളളത്. എന്നാല്‍ ഈ നിര്‍ദ്ദേശം ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന ശക്തിപ്പെടുത്താന്‍ കെ.പി.സി.സി കൈക്കൊണ്ടിട്ടുളള തീരുമാനങ്ങള്‍ക്ക് കടകവിരുദ്ധമാണ്.
അച്ചടക്ക നടപടി എടുത്ത് പുറത്താക്കിയവരിലും സസ്പെന്റ് ചെയ്തവരിലും ജനസ്വാധീനമുളളവരെ തെരഞ്ഞെടുപ്പിന് മുന്‍പ് തിരികെ കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാല്‍ പാര്‍ട്ടി പുന:സംഘടനയില്‍ നടപടി നേരിട്ടവരെ ഒരു തരത്തിലും പരിഗണിക്കേണ്ടെന്ന മാര്‍ഗനിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ തെരഞ്ഞെടുപ്പ് സാധ്യതകളെ ദോഷകരമായി ബാധിച്ചേക്കും. ഇക്കാര്യം വിവിധ ജില്ലാ നേതൃത്വങ്ങള്‍ കെ.പി.സി.സിയെ ധരിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.