തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഈ മാസത്തോടെ വ്യക്തത വരുത്താനാണ് നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങാനാണ് നീക്കം. കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കുള്ള പട്ടിക എത്രയും വേഗം കൈമാറാന്‍ ജില്ലാ ഘടകങ്ങള്‍ക്കു കെപിസിസിയുടെ അന്ത്യശാസനം. ജില്ലകള്‍ മടിച്ചു നിന്നാല്‍ കെപിസിസി നേരിട്ടു പട്ടിക തയാറാക്കും. ഇത്രയും വേഗം എല്ലാം പൂര്‍ത്തിയാക്കാനാണ് നീക്കം. അഞ്ചാം തീയതിക്ക് ഉള്ളില്‍ പേരുകള്‍ വാങ്ങി 15ന് അകം ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനാണ് കെപിസിസി ശ്രമിക്കുന്നത്.
കോട്ടയത്തു കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തിലാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തേ 18നു മുന്‍പ് ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക കൈമാറാന്‍ കെപിസിസി നിഷ്‌കര്‍ഷിച്ചെങ്കിലും ആലപ്പുഴയില്‍ നിന്നു മാത്രമാണ് ലഭിച്ചത്. പ്ലീനറി സമ്മേളനത്തിലെ അധിക നോമിനേഷനുകളുടെ പേരില്‍ ഗ്രൂപ്പുകള്‍ ഇടഞ്ഞു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് പട്ടിക തയ്യാറാക്കുന്നത് വൈകുന്നത്. എഐസിസിയുടെ പിന്തുണ കെപിസിസിക്കുണ്ട്. അതുകൊണ്ട് തന്നെ ഏത് സാഹചര്യത്തിലും പട്ടിക പ്രഖ്യാപിച്ചാലും ആര്‍ക്കും എതിര്‍ക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.
ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരും ഡിസിസി പ്രസിഡന്റുമാരും എത്രയും വേഗം ജില്ലാ തല പുനഃസംഘടനാ സമിതിയുടെ യോഗം വിളിച്ചു പട്ടിക അന്തിമമാക്കാന്‍ സുധാകരന്‍ ആവശ്യപ്പെട്ടു. ഇനിയും അമാന്തിക്കുന്നതു കണ്ടു നില്‍ക്കില്ല. ജില്ലകളിലും ബ്ലോക്കുകളിലും ഭാരവാഹികളാകാന്‍ കഴിയുന്നവരുടെ പട്ടിക കെപിസിസിയുടെ പക്കലും ഉണ്ടെന്ന് സുധാകരന്‍ വിശദീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ നിന്നയച്ച കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ വിവാദമുണ്ടായിരുന്നു. പട്ടിക അംഗീകരിച്ചിട്ടില്ലെന്ന് എഐസിസി വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാനഘടകം നല്‍കിയ പട്ടികയിലുള്ളവരെ പ്ലീനറി സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു.
എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്തതുകൊണ്ട് പട്ടിക അംഗീകരിക്കപ്പെട്ടതായി അര്‍ത്ഥമില്ലെന്നും കേരള ഘടകം നല്‍കിയ പേരുകളില്‍ തര്‍ക്കമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. എഐസിസിയിലേക്ക് കെ സുധാകരനും വി ഡി സതീശനും സമര്‍പ്പിച്ച നേതാക്കളുടെ പട്ടിക പുനഃപരിശോധിക്കുമെന്നാണ് ദേശീയ നേതൃത്വം സൂചിപ്പിച്ചത്. പട്ടികയ്‌ക്കെതിരെ എ, ഐ വിഭാഗങ്ങള്‍ രംഗത്തുവന്നതോടെയാണ് പരിശോധനയ്ക്ക് തയ്യാറായത്. ഈ തര്‍ക്കമാണ് കെപിസിസി പുനഃസംഘടനയേയും ബാധിച്ചത്.
മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയടക്കം പരാതി ഉന്നയിച്ചതോടെ ലിസ്റ്റ് പുനഃപരിശോധിക്കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്മാരും പരാതി ഉയര്‍ത്തിയതോടെയാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് നേതൃത്വത്തിന് തോന്നലുണ്ടായത്. ഇഷ്ടക്കാരെ നേതൃത്വം തിരുകിക്കയറ്റിയെന്ന് എ ഗ്രൂപ്പും ആരോപണം ഉന്നയിച്ചിരുന്നു. പട്ടികയില്‍ എഐസിസി നിര്‍ദ്ദേശിച്ച സംവരണം പാലിച്ചില്ലെന്ന ആക്ഷേപവുമായി മുന്‍ നിരയിലുള്ളതു കൊടിക്കുന്നില്‍ സുരേഷാണ്. കെപിസിസിയിലേക്ക് അംഗങ്ങളെ തീരുമാനിക്കുന്നത് വര്‍ക്കിങ് പ്രസിഡണ്ടായ താന്‍ പോലും അറിയുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണെന്ന ഗൗരവമേറിയ പരാതിയും കൊടിക്കുന്നില്‍ ഉയര്‍ത്തി.