തിരുവനന്തപുരം: ആശാസമരത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരനെ താക്കീത് ചെയ്ത് കെപിസിസി. കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന് വിലയിരുത്തിയാണ് കെപിസിസി അധ്യക്ഷന്‍റെ നടപടി. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷത്തിന്‍റെയും നിലപാട്. എന്നാല്‍ ആരോഗ്യമന്ത്രി വിളിച്ച യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍ പഠന സമിതി എന്ന നിര്‍ദേശം മുന്നോട്ട് വെച്ചു. ഇത് സര്‍ക്കാര്‍ താല്‍പര്യമാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് കെപിസിസി പ്രസിഡന്‍റ് ഇക്കാര്യം പരിശോധിച്ചത്.
ഇതില്‍ ആര്‍ ചന്ദ്രശേഖരന്‍ നല്‍കിയ വിശദീകരണം കെ.സുധാകരന്‍ തള്ളി. അച്ചടക്ക ലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സുധാകരന്‍റെ രേഖാമൂലമുള്ള മുന്നറിയിപ്പ്. ഐഎന്‍ടിയുസിയെ സര്‍ക്കാര്‍ വിലാസം സംഘടനയാക്കാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ച് ആര്‍ ചന്ദ്രശേഖരനെതിരെ കെ.മുരളീധരനും രംഗത്ത് വന്നു. കോണ്‍ഗ്രസ് തീരുമാനം എടുത്താല്‍ അതിന് മേലെ പറയാനുള്ള അധികാരം പോഷക സംഘടനകള്‍ക്ക് ഇല്ലെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം കെ മുരളീധരനും പ്രതികരിച്ചു. എളമരം കരീമിന്‍റെ കക്ഷത്ത് പിടലി വെച്ചിരിക്കുന്ന ആളാണ് ചന്ദ്രശേഖരനെന്ന് എസ് യു സി ഐ കുറ്റപ്പെടുത്തി.