കൊച്ചി : കെ – റെയിലിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ സത്യവാങ്മൂലം. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേക്ക് കെ – റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവാക്കിയാല്‍ ഉത്തരവാദിത്തം കെ – റെയിലിനു മാത്രമാണ്. സാമൂഹികാഘാതപഠനവും സര്‍വ്വേയും നടത്തുന്നതും അപക്വമായ നടപടിയാണെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കെ റെയില്‍ കോര്‍പ്പറേഷന്‍ ഒരു സ്വതന്ത്ര കമ്ബനിയാണ്. റെയില്‍വെക്ക് ഈ സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറില്ല. സില്‍വര്‍ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ സാധ്യമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുളള ഭൂമി ഏറ്റെടുക്കല്‍ ചോദ്യം ചെയ്തുളള ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജികള്‍ പരിഗണിക്കുക. പദ്ധതിയുടെ സര്‍വേക്ക് അനുമതിയില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനം സര്‍വേ നടത്തുന്നത് തുടര്‍ന്നിരുന്നു. ഇതില്‍ വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.