കൊച്ചി : ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ രൂക്ഷവിമര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വിയുടേയും പാര്‍ട്ടിയ്ക്കെതിരായ കള്ളപ്പണ-കുഴല്‍പ്പണ ആരോപണങ്ങളിലും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തി. സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്ന് കൃഷ്ണദാസ് പക്ഷം പറഞ്ഞു
പാര്‍ട്ടി പ്രതിരോധത്തിലാണ്. സാധാരണ പ്രവര്‍ത്തകരടക്കം കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. സാധാരണ പ്രവര്‍ത്തകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. പാര്‍ട്ടി സമ്മര്‍ദ്ദത്തിലാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമായിരുന്നുവെന്നും കൃഷ്ണദാസ് പക്ഷം വിമര്‍ശിച്ചു.
ഹോട്ടലില്‍ ചേരാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേര്‍ന്നത്. നേരത്തെ പാര്‍ട്ടി നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രനു പിന്തുണ നല്‍കിയിരുന്നു. കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ തുടങ്ങിയവരായിരുന്നു വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്.