തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ച സമയപരിധി ഇന്ന് തീരും. മൂന്ന് ദിവസം ഹാജരാകാനായിരുന്നു ജാമ്യവ്യവസ്ഥ. കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കളെ വരും ദിവസം ചോദ്യം ചെയ്യും.
ഇപി ജയരാജൻ പ്രതിയായ കേസിൽ പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൊഴി രണ്ട് ദിവസത്തിനുള്ളിൽ രേഖപ്പെടുത്തും. ഇപിയെയും മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സനൽ സ്റ്റാഫുകളെയും അടുത്തയാഴ്ചയാകും ചോദ്യം ചെയ്യുക. ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ കെപിസിസി പ്രസിഡണ്ടിൻറെയും പ്രതിപക്ഷനേതാവിൻറെയും പങ്ക് അന്വേഷിക്കണമെന്ന ഡിവൈഎഫ്ഐയുടെ പരാതി അന്വേഷണ ഉദ്യോഗസ്ഥന് സിറ്റി പോലീസ് കമ്മീഷണർ കൈമാറി.