പത്തനംതിട്ട : വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി റാന്നി നിയോജകമണ്ഡലത്തിലെ തീയാടിക്കലില്‍ പുതിയ സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ നടത്തിയ വൈദ്യുതി അദാലത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
വീണാ ജോര്‍ജ് എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം ആറന്മുള നിയോജകമണ്ഡലത്തിലെ രാമഞ്ചിറയില്‍ സബ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക പഠനം നടത്താനും തീരുമാനമായി. മാത്യു ടി തോമസ് എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കുറ്റൂര്‍-മനയ്ക്കച്ചിറ-മുത്തൂര്‍ റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ തുക പിഡബ്ല്യുഡി ലഭ്യമാക്കി നല്‍കാമെന്ന ധാരണാപത്രത്തിന് വിധേയമായി നടപ്പാക്കാന്‍ തീരുമാനിച്ചു.
ലൈഫ് മിഷന്‍, ബിപിഎല്‍, ഹരിജന്‍ കോളനികള്‍ തുടങ്ങിയവയില്‍ കൂടി കടന്നു പോകുന്ന ലൈനുകള്‍ വൈദ്യുതി ബോര്‍ഡ് ചെലവില്‍ മാറ്റുന്നതിന് തീരുമാനിച്ചു. അദാലത്തില്‍ 64,29,210 രൂപയ്ക്കുള്ള ഇളവ് അനുവദിച്ചു. അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാര തുക അദാലത്തില്‍ മന്ത്രി വിതരണം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വൈദ്യുതി അദാലത്ത് ജനപങ്കാളിത്തത്താലും പരാതി പരിഹാരത്താലും വന്‍ വിജയമായി. അദാലത്തില്‍ ലഭിച്ച 870 പരാതികളില്‍ 576 എണ്ണം പരിഹരിച്ചു. ശേഷിക്കുന്ന 294 പരാതികളില്‍ പരിഹാരത്തിനുള്ള മാര്‍ഗനിര്‍ദേശം നല്‍കി.
സ്വകാര്യ ഭൂമിയിലൂടെ കടന്നു പോകുന്ന വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കല്‍, പ്രവര്‍ത്തന രഹിതമായ വൈദ്യുതി ലൈനുകള്‍ നീക്കം ചെയ്യല്‍, അപകടകരമായ നിലയിലുള്ള വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കല്‍, വൈദ്യുതി ബില്‍ സംബന്ധിയായ തര്‍ക്കങ്ങള്‍, വോള്‍ട്ടേജ് ക്ഷാമം, പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നതിനായി സ്വകാര്യ ഭൂമിയില്‍ നിന്നും മുറിച്ചു നീക്കേണ്ടി വന്ന ഫല വൃക്ഷാദികള്‍ക്കുള്ള നഷ്ടപരിഹാരം, വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള പരാതികളാണ് അദാലത്തിനു മുന്‍പാകെ വന്നത്. അദാലത്തില്‍ ഉടനീളം മന്ത്രി എം.എം. മണി സന്നിഹിതനായിരുന്നു.