ഇടുക്കി: തൊടുപുഴയില്‍ കെഎസ്ഇബി ബില്ലിലുണ്ടായ ക്രമക്കേടില്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്‌തെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സംഭവത്തില്‍ മീറ്റര്‍ റീഡിങ് എടുത്ത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായത്. സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പതിവായി അടച്ചിരുന്ന തുകയേക്കാള്‍ പത്തിരട്ടിയിലധികമായിരുന്നു തൊടുപുഴ മേഖലയില്‍ പലര്‍ക്കും ഇത്തവണ ലഭിച്ച കെഎസ്ഇബി ബില്ല്. ഇത് വലിയ പ്രതിഷേധത്തിന് വഴി വച്ചു. അധിക ബില്ല് വന്നതുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പരാതികള്‍ ലഭിച്ചെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു.
തൊടുപുഴ മുന്‍സിപ്പാലിറ്റി കുമാരമംഗലം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നാണ് പരാതികള്‍. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ മീറ്റര്‍ റീഡിങ് എടുത്ത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൃത്യ സമയത്ത് റീഡിങ് എടുക്കാതെ ഒരുമിച്ചാണ് ബില്ല് നല്‍കിയതാണ് ബില്‍ തുക കൂടാന്‍ കാരണം. സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. ഉപഭോതാകള്‍ക്ക് പ്രയാസം ഇല്ലാത്ത രീതിയില്‍ ബില്ല് അടക്കാന്‍ ക്രമീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.