കോഴിക്കോട് : കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വന്‍ ബില്ലുകള്‍ നല്‍കുന്ന കെ.എസ്.ഇ.ബി യുടെ നടപടി കാടത്തമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീൻ പറഞ്ഞു.
റീഡിംഗ് എടുക്കാതെ 3 മാസം ഉപയോഗിച്ച വൈദ്യുതിയുടെ ആവറേജ് നോക്കിയാണ് ബിൽ തയ്യാറാക്കി ഓണ്‍ ലൈനായി അയച്ചിരിക്കുന്നത്. ബില്‍ തുക നിശ്ചിത തീയതിക്കകം അടച്ചില്ലെങ്കില്‍ വൈദ്യുതി വിശ്ച്ചേദിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുകയാണ് വ്യാപാരികള്‍. ലോക്ക് ഡൌണ്‍ കഴിയുമ്പോള്‍ മാത്രമേ ഇതിന്റെ ഗൌരവം എത്രയെന്ന് പുറത്തറിയൂ . നിത്യവൃത്തിക്ക് പോലും വ്യാപാരികള്‍ ബുദ്ധിമുട്ടുമ്പോള്‍ ഉപയോഗിക്കാത്ത വൈദ്യുതിയുടെ ബില്ലുകള്‍ നല്‍കി പീഡിപ്പിക്കുകയാണ് വൈദ്യുതിവകുപ്പ്. മുഖ്യമന്ത്രിയും വൈദ്യുതി വകുപ്പ് മന്ത്രിയും അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് ടി. നസിറുദീൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിവേദനവും സമര്‍പ്പിച്ചു.