തിരുവനന്തപുരം : സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് ശരാശരി 6.6% വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് വൈദ്യുതി നിരക്ക് പുതുക്കിയിരിക്കുന്നത്. ഇത് കൂടാതെ വ്യാവസായിക, കാര്‍ഷിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്കുള്ള വര്‍ദ്ധനവായിരുന്നു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 50 യൂണിറ്റ് വരെ നിരക്ക് വര്‍ധന ഇല്ല. 51 മുതല്‍ 150 യൂണിറ്റ് വരെ 25 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മാരക രോഗികളുള്ള വീടുകള്‍ക്കുള്ള ഇളവ് തുടരും. ഈ ആനുകൂല്യത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ള ഉപഭോതാക്കള്‍ക്കും നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടില്ല.