കൊച്ചി : സാമൂഹ്യ നീതിക്കായി വിവിധ ജനകീയ സമര സംഘടനകൾ പരസ്പരം സഹകരിക്കണമെന്ന് കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെയും സമര പ്രവർത്തകരുടെയും ഒത്തു ചേരലായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമര സംഗമം അഭിപ്രായപ്പെട്ടു. പാരിസ്ഥിതികമായും വികസനപരമായും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. കെ-റെയിൽ പോലെയുള്ള വിനാശകരമായ പദ്ധതികൾ നടപ്പിലായാൽ ഭാവി കൂടുതൽ ഇരുളടഞ്ഞതാകും.
പ്ലാച്ചിമട, എൻഡോസൾഫാൻ, മൂലമ്പിള്ളി സമരങ്ങൾ പൊരുതി നേടിയ അവകാശങ്ങൾ പോലും തടഞ്ഞുവെയ്ക്കപ്പെട്ട സ്ഥിതിയാണ്. കേരളത്തിലെ തീര ദേശവും പശ്ചിമഘട്ടവും പാരിസ്ഥിതികമായ വെല്ലുവിളി നേരിടുന്നു. കോർപ്പറേറ്റ് – ചങ്ങാത്ത മുതലാളിത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇക്കാര്യത്തിൽ എൽ.ഡി.എഫ് – യു.ഡി.എഫ് സമീപനങ്ങൾ ഒരുപോലെയാണ്.
പ്ലാൻ്റേഷൻ മേഖലയുടെ പേര് പറഞ്ഞ് ടാറ്റായും ഹാരിസണും പോലുള്ള വൻകിട കുത്തകകൾ അനധികൃതമായി ഭൂമി കൈയേറിയത് ലക്ഷക്കണക്കിന് ഏക്കറാണ്. ഭൂരഹിതരായ ആദിവാസി-ദലിത് സമൂഹങ്ങൾ ലക്ഷക്കണക്കിനുണ്ട്. ഇവർക്ക് ഭൂമി വിതരണത്തിന് സർക്കാർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ജനകീയ സമരങ്ങൾ ശക്തിപ്പെടുകയും സാമൂഹ്യ നീതിക്കായി പരസ്പരം സഹകരിക്കുകയും വേണമെന്നും വ്യത്യസ്ത സമര സംഘടനകളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
എറണാകുളം ആശിർ ഭവനിൽ നടന്ന സമര സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. വിളയോടി വേണുഗോപാൽ (പ്ലാച്ചിമട സമരസമിതി), ജോൺ പെരുവന്താനം (പശ്ചിമഘട്ട സംരക്ഷണ സമിതി), എൻ.സുബ്രഹ്മണ്യൻ (ആണവ വിരുദ്ധ സമരം), ഹാഷിം ചേന്ദംപള്ളി (ദേശീയപാത സംരക്ഷണ സമിതി), നീലിപ്പാറ മാരിയപ്പൻ (മുതലമട സംരക്ഷണ സമിതി), ശിവരാജ് (ഗോവിന്ദാപുരം സമരസമിതി), സുരേഷ്കുമാർ ( കരിമൽ ഖനനവിരുദ്ധ സമിതി), അജയ്ഘോഷ് (പുതുവൈപ്പ് സമരസമിതി), ഐ. ഗോപിനാഥ്, തങ്കപ്പൻ മൂപ്പൻ (അറാക്കപ്പ് ആദിവാസി സമിതി), റാണി (അറാക്കപ്പ് ആദിവാസി സമിതി), പ്രേം ബാബു , മാരിയ അബു (കെ-റെയിൽ സമര സമിതി), ബിജു (തീരദേശ ഭൂ സംരക്ഷണ സമിതി), നൌഷാദ് തെക്കും പുറം (ചക്കുംകണ്ടം സമര സമിതി) വിനീത ചോലയാർ (അതിരപ്പിള്ളി സംരക്ഷണ സമിതി) , ബെന്നികൊടിയാട്ട്, ഗീത ചേലക്കര,തോമസ് കുറിശേരി തുടങ്ങി വിവധ സമര സംഘടനാ പ്രതിനിധികൾ സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ജ്യോതിവാസ് പറവൂർ സമാപനവും നിർവ്വഹിച്ചു.