കൊച്ചി : കലൂര്‍ സബ്സ്റ്റേഷനില്‍ ട്രാന്‍സ്ഫോര്‍മറും സര്‍ക്യൂട്ട് ബ്രേക്കറും കത്തിനശിച്ചു. നഗരം മൂന്ന് മണിക്കൂറോളം ഇരുട്ടിലായി. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഗാന്ധിനഗര്‍ അഗ്നിരക്ഷാസേന നിലയത്തില്‍നിന്ന് രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി അഗ്നിരക്ഷാസേന അറിയിച്ചു. തീപിടിത്തംമൂലം പ്രദേശത്ത് കനത്ത പുക ഉയര്‍ന്നത് ആശങ്ക ഉയര്‍ത്തി.
ഗാന്ധിനഗര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എ.കെ പ്രഭുല്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി.ഷിബു എന്നിവരുടെ നേതൃത്വത്തില്‍ അരമണിക്കൂര്‍കൊണ്ടാണ് തീയണച്ചത്. രാത്രി എട്ടോടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. പാലാരിവട്ടം പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കലൂര്‍ ജങ്ഷന്‍, കതൃക്കടവ്, തമ്മനം, കറുകപ്പിള്ളി, പൊറ്റക്കുഴി, ജഡ്ജസ് അവന്യൂ, ലിസി ജങ്ഷന്‍, എസ്.ആര്‍.എം റോഡ്, തോട്ടത്തുംപടി, എറണാകുളം നോര്‍ത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങി. അതേസമയം വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ച പലര്‍ക്കും വ്യക്മയ മറുപടി പറയാതെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്ന് പരാതി ഉയര്‍ന്നു.