കണ്ണൂര്‍ : കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി കെ.എസ്.ഇ.ബി ജീവനക്കാര്‍. ഉളിയില്‍ തെക്കന്‍പൊയില്‍ ഭാഗത്തെ വീട്ടമ്മയെയാണ് കെ.എസ്.ഇ.ബി ഇരിട്ടി സെക്ഷനിലെ ജീവനക്കാരായ ലൈന്‍ മാന്‍ കെ.കെ സജിത്ത്, കെ.ശശിധരന്‍, പി.കെ സുധീഷ്, വി.ജി സാബു എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
കെ.എസ്.ഇ.ബി ഇരിട്ടി സെക്ഷന്‍ പരിധിയിലെ തെക്കന്‍പൊയില്‍ റോഡില്‍ പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് സമീപത്തെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേട്ടത്. ഓടിയെത്തിയ ജീവനക്കാര്‍ ജീപ്പിലുണ്ടായിരുന്ന കയറെടുത്ത് കിണറ്റിനകത്തേക്കിറങ്ങി വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ സമീപത്ത് അധികമാരും ഉണ്ടായിരുന്നില്ല. സമയോചിതവുമായ ഇടപെടലിലൂടെ വീട്ടമ്മയുടെ ജീവന്‍ രക്ഷിച്ച ജീവനക്കാരെ കെ.എസ്.ഇ.ബി അഭിനന്ദിച്ചു.