തിരുവനന്തപുരം: മഴക്കെടുതികൾ നേരിടാൻ മതിയായ ജീവനക്കാരില്ലാതെ നെട്ടോട്ടമോടുകയാണ് കെഎസ്ഇബി. അടിസ്ഥാന ജോലികൾ ചെയ്യാനുള്ള മസ്ദൂർ, ലൈൻമാൻ എന്നിവരുടെ നാലായിരത്തോളം ഒഴിവാണ് നികത്താനുള്ളത്. മേയ് 31ന് വിവിധ തസ്തികകളിലായി 1,005 ജീവനക്കാർ കൂടി കെഎസ്ഇബിയിൽ നിന്ന് വിരമിക്കുമ്പോൾ സ്ഥിതി കൂടുതൽ മോശമാവും. ഇതുവരെ 21.82 കോടി രൂപയാണ് മഴക്കെടുതിയിൽ ബോർഡിൻറെ നഷ്ടം. സെക്ഷൻ ഓഫീസുകളിലേക്കും കെഎസ്ഇബിയുടെ കസ്റ്റമർ കെയറിലേക്കുമെത്തുന്ന കോളുകളെടുക്കാൻ പോലും ജീവനക്കാർക്ക് സമയം ലഭിക്കുന്നില്ല. മതിയായ ജീവനക്കാരില്ലാത്തത് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് വലിയ വെല്ലുവിളിയാണ്. അടിസ്ഥാന ജോലികൾ ചെയ്യേണ്ട മസ്ദൂർ, ലൈൻമാൻ എന്നിവരുടെ 4044 ഒഴിവാണ് നികത്താനുള്ളത്.
സൂപ്പർവൈസിങ് ജോലികൾ നടത്തേണ്ട ഓവർസിയർമാരുടെ കുറവ് 1047. ഇതിന് പുറമെ ഈ മാസം 122 ലൈൻമാനും 37 മസ്ദൂർമാരും വിരമിക്കും.772 സെക്ഷൻ ഓഫീസുകളാണ് കെഎസ്ഇബിക്കുള്ളത്. 12 ലൈൻമാൻ എങ്കിലും വേണം ജോലി സുഗമമായി ചെയ്യണമെങ്കിൽ. പല സെക്ഷൻ ഓഫീസുകളിലും 5 മുതൽ 7 വരെ ലൈൻമാനേ ഉള്ളൂ. കരാർ ജീവനക്കാരെയും കിട്ടാനില്ല. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി വിടവ് നികത്താനുള്ള ശ്രമം നടക്കുന്നതേയുള്ളു. മുകൾ തട്ടിൽ അടിയന്തര തീരുമാനമെടുക്കേണ്ട ഡയറക്ടർമാരെ നിയമിച്ചിട്ടില്ല. ചീഫ് എൻജിനീയർമാർക്ക് താത്കാലിക ചുമതല നൽകിയാണ് മുന്നോട്ട് പോവുന്നത്. ഇത് കാരണം മഴക്കാലത്തേക്ക് മതിയായ ഉപകരണങ്ങൾ സംഭരിക്കാൻപോലും കെഎസ്ഇബിക്ക് കഴിഞ്ഞിട്ടില്ല.