കോന്നി : പെണ്ണിന് പൊന്ന് അലങ്കാരം എന്ന പതിവ് സങ്കല്പത്തെ മാറ്റിയെഴുതിയ കെ എസ് എഫ് ഇ ഗോള്‍ഡ് ലോണ്‍ പരസ്യ ചിത്രം സമൂഹ മാധ്യമങ്ങളില്‍ അടക്കം ശ്രദ്ധേയമാകുന്നു. പെണ്ണായാല്‍ പൊന്നു വേണം എന്ന പതിവ് സങ്കല്‍പ്പത്തെ മാറ്റി നിര്‍ത്തി സ്ത്രീക്ക് ആദ്യം വിദ്യാഭ്യാസവും സ്വന്തം ഭാവി ഭദ്രമാക്കാന്‍ ഒരു ജോലിയുമാണ് ആവശ്യം എന്ന സാമൂഹ്യ പ്രസക്തമായ വിഷയമാണ് പരസ്യം പ്രേക്ഷകരോട് പറയുന്നത്. ഒപ്പം സ്ത്രീധനത്തിനെതിരായ ആശയവും മുന്നോട്ട് വെയ്ക്കുന്നു.
ബെന്യാമിന്‍ ആദ്യമായി തിരക്കഥ എഴുതിയ ഈ പരസ്യചിത്രം ബാലസംഘം ജില്ലാ കോഡിനേറ്റര്‍ ജയകൃഷ്ണന്‍ തണ്ണിത്തോടാണ് സംവിധാനം ചെയ്തിരിക്കുന്നത്. മഹേഷ് രാജ് പരസ്യചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. സംസ്ഥാന ചലച്ചത്ര അവാര്‍ഡ് ജേതാവ് പ്രീയങ്ക നായര്‍, നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത പ്രശാന്ത് അലക്‌സാണ്ടര്‍, ആക്ഷന്‍ ഹീറോ ബിജു ഫെയിം ജയശ്രീ, വിശാല്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
നിരവധി പ്രമുഖര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഈ പരസ്യ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. സ്ത്രീധന മരണങ്ങളും പീഡനങ്ങളും നാട്ടില്‍ വര്‍ധിക്കുമ്പോള്‍ ഇത്തരത്തിലൊരു പരസ്യചിത്രം സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.