കൊച്ചി : തിരുവനന്തപുരം കാട്ടാക്കടയിൽ കെ.എസ്.ആർ ടി.സി ജീവനക്കാർ പിതാവിനെയും മകളെയും മർദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ടായി നൽകാൻ കെ.എസ്.ആർ.ടി.സിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. കേസിന്റെ വിശദാംശങ്ങൾ തേടിയ ഹൈക്കോടതി നാളെ ഉച്ചയ്ക്ക് വിഷയം പരിഗണിക്കും.
കാട്ടാക്കട ഡിവൈ.എസ്.പി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികള്‍ക്കെതിരെ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ പീഡന നിരോധന പ്രകാരവും കേസെടുക്കാന്‍ റൂറല്‍ എസ്.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല. വിവിധ യൂണിയനുകളിൽ പെട്ട പ്രതികളുടെ അറസ്റ്റ് തടയുന്നതിന് രാഷ്ട്രീയ സമ്മർദമുണ്ടെന്നാണ് സൂചന.