പേരാമംഗലം : സംസ്ഥാന പാതയില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെയുണ്ടായ അജ്ഞാത ആക്രമണത്തിന് പിന്നിലെ കുറ്റക്കാരെ കണ്ടെത്താനായില്ല. മൂന്ന് ദിവസങ്ങളിലായി ഉണ്ടായ കല്ലേറില്‍ നാല് ബസുകളുടെ ചില്ല് തകര്‍ന്നു. മുണ്ടൂര്‍, മുണ്ടൂര്‍ മഠം, പുറ്റേക്കര, അമലനഗര്‍ മേഖലകളിലാണ് സംഭവം. കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍നിന്ന് കോട്ടയം, കൊട്ടാരക്കര, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ആഗസ്റ്റ് എട്ടിന് മുണ്ടൂര്‍ പമ്പിന് സമീപമാണ് ആദ്യ സംഭവമുണ്ടായത്.
നാലിടത്തായി നടന്ന കല്ലേറുകള്‍ അര്‍ധരാത്രിക്ക് ശേഷമാണ് ഉണ്ടായത്. കല്ലേറുകള്‍ക്ക് ശേഷം ബസ് നിര്‍ത്തി നോക്കിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അക്രമികള്‍ ബൈക്കുകളില്‍ കടന്നുകളഞ്ഞതായും ബസ് ജീവനക്കാര്‍ സംശയം പറയുന്നു. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ബസുകള്‍ക്ക് നേരെ വീണ്ടും കല്ലേറുണ്ടായെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.
പേരാമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. മാനസിക വൈകല്യമുള്ളവരാകാം ഇതിന് പിറകിലെന്നാണ് പോലീസ് നിഗമനം. എന്നാല്‍, കെ.എസ്.ആര്.ടി.സി ബസുകളെ തിരഞ്ഞ് ആക്രമിക്കുന്ന സംഭവത്തിലെ ദുരൂഹതയും പോലീസ് തള്ളിക്കളയുന്നില്ല. ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പോലീസ് പട്രോളിങ് ശക്തമാക്കി.