മുക്കം : നൂറ് കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്‌ആര്‍ടിസി ബസുകള്‍ ട്രിപ്പ് മുടക്കുന്നു. അതിരൂക്ഷമായ ഡീസല്‍ ക്ഷാമമാണ് ബസുകള്‍ ട്രിപ്പ് മുടക്കുന്നതിന് കാരണം.തിരുവമ്ബാടി നിയോജക മണ്ഡലത്തില്‍ പൂവാറംതോട്, കക്കാടംപൊയില്‍, പാറത്തോട്, ആനക്കാംപൊയില്‍ കരിമ്പ് പ്രദേശങ്ങളില്‍ ബസുകള്‍ ട്രിപ്പ് മുടക്കിയതോടെ വലിയ ബുദ്ധിമുട്ടിലാണ് യാത്രക്കാര്‍. കോഴിക്കോട് ഡിപ്പോയില്‍ നിന്നാണ് തിരുവമ്പാടി സബ് ഡിപ്പോയിലെ ബസുകള്‍ ഡീസല്‍ നിറയ്ക്കാറുള്ളത്. എന്നാല്‍ കോഴിക്കോട്ട് ഡീസല്‍ ക്ഷാമം ഉള്ളതിനാല്‍ പല ബസുകളും ട്രിപ്പ് മുടക്കുന്ന അവസ്ഥയാണ്.
കുത്തനെ കയറ്റവും വളവും ഉള്ള റോഡ് ആയതിനാല്‍ ടാങ്കില്‍ പകുതിയോളം ഡീസല്‍ ഉണ്ടെങ്കിലേ ട്രിപ്പ് നടത്താന്‍ പറ്റൂ. അതും ട്രിപ്പ് മുടങ്ങുന്നതിന് കാരണമാവുന്നുണ്ട്. ഡീസല്‍ ക്ഷാമം രൂക്ഷമായതോടെ തിരുവമ്പാടി സബ് ഡിപ്പോയിലെ അഞ്ച് ട്രിപ്പുകള്‍ റദാക്കിയിട്ടുണ്ട്. വിഷയം ലിന്റോ ജോസഫ് എംഎല്‍എ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി ആന്റണി രാജു ഉറപ്പ് നല്‍കി. കോവിഡിനെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നതായും അത് ഘട്ടം ഘട്ടമായി പുനസ്ഥാപിച്ചു വരികയാണന്നും മന്ത്രി പറഞ്ഞു. വലിയ നഷ്ടമില്ലാത്ത റൂട്ടുകള്‍ പുനസ്ഥാപിക്കുമെന്നും ഡീസല്‍ ക്ഷാമം മൂലം ട്രിപ്പുകള്‍ മുടങ്ങുന്ന വിഷയം എഴുതിതന്നാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി.