തിരുവനന്തപുരം : ഓരോ പാതയിലുമുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ വിവരം യാത്രക്കാരെ അറിയിക്കുന്നതിനുള്ള പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം ഒക്ടോബർ മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പദ്ധതി നിർവഹണ ചുമതലയുണ്ടായിരുന്ന സി – ഡാക്കിന്റെ വീഴ്ച കാരണം വൈകിയ പദ്ധതി ഇപ്പോൾ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പൂർത്തീകരിക്കുന്നതെന്നും സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി. കണ്ടക്ടർമാരെ നിയോഗിച്ച് റൂട്ട് മാപ്പും സ്റ്റോപ്പുകളും ഉൾക്കൊള്ളിച്ച് ഡേറ്റ തയ്യാറാക്കി കൈമാറിയിട്ടും സി – ഡാക്ക് ആറുമാസത്തോളം പദ്ധതി വൈകിപ്പിച്ചു. സോഫ്റ്റ് വെയർ നിർമ്മാണവും വൈകി. ഇതേതുടർന്നാണ് സി – ഡാക്കിനെ ഒഴിവാക്കിയത്.
സി – ഡാക്കിന് കൈമാറിയ ഡേറ്റ തിരികെ നൽകാത്തതിനാൽ കെ.എസ്.ആർ.ടി.സി വീണ്ടും ജീവനക്കാരെ നിയോഗിച്ച് സർവേ നടത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതുവഴിയുണ്ടായ നഷ്ടം സി – ഡാക്കിൽ നിന്നും ഈടാക്കാൻ നിയമനടപടി സ്വീകരിക്കും. സി -ഡാക്ക് നിർദേശിച്ചപ്രകാരം വാങ്ങിയ 50ജി.പി.എസുകളാണ് ബസുകളിൽ ഉപയോഗിച്ചത്. ഇവ കൃത്യമായ വിവരം നൽകിയില്ല.