കഴക്കൂട്ടം: നഴ്സിങ് വിദ്യാർത്ഥിനിയോട് കെഎസ്ആർടിസി ബസ് ജീവനക്കാർ ക്രൂരത കാട്ടിയെന്ന് ആക്ഷേപം. ബസിൽ യാത്ര ചെയ്യവെ ഛർദിൽ അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ രാത്രി ഏഴിന് വഴിയിൽ ഇറക്കി ബസ് വിട്ടുപോയതയാണ് പരാതി. കോലിയക്കോട് സ്വദേശിനി നഴ്സിങ് വിദ്യാർത്ഥിയായ നിഖിലയ്ക്കാണ് ഈ ദുരനുഭവം. ശനിയാഴ്ച വൈകുന്നേരം ആറരയോടെ വേൾഡ് മാർക്കറ്റിന് മുന്നിൽ നിന്ന് കോലിയക്കോടേയ്ക്ക് ബസിൽ കയറിയ നിഖിലയ്ക്ക് കഴക്കൂട്ടം കഴിഞ്ഞപ്പോഴാണ് ചർദ്ദി ആരംഭിച്ചത്. ബസ് വെട്ടുറോഡ് എത്തിയപ്പോഴേക്കും ബസ് നിർത്തി വിദ്യാർത്ഥിനിയെ ഇറക്കി ഛർദ്ദിച്ച ശേഷം കയറാമെന്ന് കരുതിയെങ്കിലും ബസ് വിട്ടു പോവുകയാണ് ഉണ്ടായത്. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസ്സാണ്.
കയ്യിൽ പൈസ ഇല്ലാതെ വിഷമത്തിൽ ആയ പെൺകുട്ടി വിവരം വീട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ കടയിലേക്ക് കുട്ടിയുടെ ഗൂഗിൾ പേ ചെയ്തു പണം വാങ്ങിയാണ് പെൺകുട്ടി യാത്ര തുടർന്നത്. ബസ്സിനുള്ളിൽ വച്ച് അവശത അനുഭവിച്ച പലരെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പലപ്പോഴും മാതൃകയായിട്ടുള്ള കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ഇത്തരം ദുരാനുഭവം ഉണ്ടായത് കെഎസ്ആർടിസിക്ക് നാണക്കേടാണ് എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥിനി കഴക്കൂട്ടം പോലീസിൽ പരാതി നൽകി. എന്നാൽ ചർദ്ദിക്കാനാണ് ഇറങ്ങിയതെന്നുള്ളത് അറിഞ്ഞില്ല എന്നും സ്റ്റോപ്പ് എത്തി ഇറങ്ങി എന്ന് വിചാരിച്ചാണ് ബസ് മുന്നോട്ടുപോയതെന്ന് ഡ്രൈവർ സന്തോഷ് പറഞ്ഞു.