തിരുവനന്തപുരം : എല്ലാ കെഎസ്‌ആര്‍ടിസി ഡിപ്പോകളിലേയും ശുചിമുറികള്‍ രാജ്യാന്തര നിലവാരത്തിലേയ്‌ക്കെത്തിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍. ഇതിനായി എല്ലാ ഡിപ്പോകളിലും സ്ഥിതി വിലയിരുത്തി ശുചിമുറികള്‍ പുതുക്കി നിര്‍മ്മിക്കാന്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ മുന്നോട്ടുവന്നിരുന്നു. വിവരങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്യാന്‍ നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയാതായി നിയുക്ത ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
നിലവില്‍ കേരളത്തിലാകെ 94 ഡിപ്പോകളാണുള്ളത്. ശുചിമുറികള്‍ രാജ്യാന്തര നിലവാരത്തിലെത്തിയ്ക്കുന്നതിനോടൊപ്പം ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കാനും സംവിധാനമുണ്ടാക്കും. ഡിപ്പോകളില്‍ സ്ത്രീസൗഹൃദ വിശ്രമമുറികള്‍ ഉള്‍പ്പെടെ സംവിധാനം ഒരുക്കുന്നതിനും ആലോചനയുണ്ട്. യാത്രക്കാര്‍ക്ക് കയറാന്‍ പോലുമാകാതെ ശോചനീയ അവസ്ഥയിലുള്ള ശുചിമുറികള്‍ ആദ്യം മാറ്റുന്നതിനാണ് പരിഗണന നല്‍കേണ്ടതെന്ന് മന്ത്രി നിര്‍ദേശിക്കുകയായിരുന്നു.