പാലക്കാട്: റിസോർട്ട് ടൂറിസത്തിലേക്ക് വഴിതുറന്ന് കെഎസ്ആർടിസി ജില്ല ബജറ്റ് ടൂറിസം സെൽ. സ്വകാര്യ റിസോർട്ടുകളുമായി സഹകരിച്ചാണ് പുതിയ പാക്കേജുകൾ ആരംഭിക്കുന്നത്. ജൂലൈയിൽ സൈലന്റ് വാലി ട്രിപ്പിലാണ് ആദ്യമായി സ്വകാര്യ റിസോർട്ടുകൂടി ഉൾപ്പെടുത്തിയിട്ടുള്ളത്. ഉച്ചവരെ സൈലന്റ്വാലിയിലും ഉച്ചക്കുശേഷം റിസോർട്ടിലും യാത്രക്കാർക്ക് ചെലവഴിക്കാം. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്നവിധമാണ് ട്രിപ്പിലുണ്ടാകുക. ഡിന്നറും ഡി.ജെ പാർട്ടി അടക്കമുള്ളവ പാക്കേജിൽ ഉൾപ്പെടും. പാലക്കാട് ഡിപ്പോയിൽനിന്ന് മൂന്നും ചിറ്റൂരിൽനിന്ന് ഒരു ട്രിപ്പുമാണ് ജൂലൈയിൽ സൈലന്റ് വാലിയിലേക്ക് തയാറാക്കിയിട്ടുള്ളത്.
രാമായണ മാസം ആരംഭിക്കാനിരിക്കെ നാലമ്പല യാത്രകൂടി ഈ മാസം ഒരുക്കിയിട്ടുണ്ട്. ജൂലൈ 17ന് രാമായണമാസം ആരംഭിക്കുന്നതിനാൽ പാലക്കാട് ഡിപ്പോയിൽനിന്ന് കോട്ടയം, തൃശൂർ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് ഏഴ് ട്രിപ്പുകളും ചിറ്റൂരിൽനിന്ന് രണ്ട് ട്രിപ്പുകളുമാണുള്ളത്. ജില്ലയിലെ മൂന്ന് ഡിപ്പോകളിൽനിന്നായി 15 ട്രിപ്പുകളാണ് ഇത്തവണയും നെല്ലിയാമ്പതി യാത്രക്കായി ഒരുക്കിയിട്ടുള്ളത്. ഒരുപകലും രണ്ട് രാത്രിയും യാത്രയുള്ള ഗവിയിലേക്ക് ജില്ലയിൽനിന്ന് നാല് യാത്രകളും രണ്ട് പകലും രണ്ട് രാത്രിയും യാത്രയുള്ള മാമലക്കണ്ടം വഴി മൂന്നാറിലേക്ക് അഞ്ച് യാത്രകളുമാണ് ഈമാസുള്ളത്.