പത്തനംതിട്ട : വരുമാനത്തില്‍ ലക്ഷങ്ങള്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ഇക്കുറി പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ കണ്ടക്ടറില്ലാ സര്‍വീസ് അവസാനിപ്പിച്ച് കെഎസ്ആര്‍ടിസി. പമ്പ, നിലയ്ക്ക്ല്‍ ബസ് സ്‌റ്റേഷനുകളില്‍ നിന്ന് പുറപ്പെടാനൊരുങ്ങുന്ന ചെയിന്‍ സര്‍വീസ് ബസുകളില്‍ ആദ്യം ടിക്കറ്റ് വാങ്ങിയ ശേഷം യാത്രക്കാരെ കയറ്റി വിടുന്നതായിരുന്നു കഴിഞ്ഞ തീര്‍ഥാടന കാലം വരെയുള്ള രീതി. പമ്പയില്‍ നിന്ന് വിട്ടാല്‍ നിലയ്ക്കലും തിരികെ നിലയ്ക്കലില്‍ നിന്ന് വിട്ടാല്‍ പമ്പയും മാത്രമാണ് സ്‌റ്റോപ്പുള്ളതെന്നതിനാല്‍ കണ്ടക്ടറെ ഒഴിവാക്കി ലാഭം കൂട്ടാനാണ് കെഎസ്ആര്‍ടിസി ശ്രമിച്ചത്. ഒരിടത്ത് നിന്ന് പുറപ്പെട്ട് ഇടയ്ക്ക് സ്‌റ്റോപ്പൊന്നുമില്ലാത്തിടത്ത് എന്തിനാണ് കണ്ടക്ടര്‍ എന്നതായിരുന്നു കെഎസ്ആര്‍ടിസി അധികൃതരുടെ ചോദ്യം.
തീര്‍ഥാടകര്‍ ബസ് പുറപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ടിക്കറ്റെടുത്ത് കയറണം. ടിക്കറ്റെടുക്കാത്തവരെ പിടികൂടാന്‍ ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിരുന്നു. എന്നാല്‍ തിരക്കേറയുള്ള സന്ദര്‍ഭങ്ങളില്‍ ഈ പരീക്ഷണം പാളി. ടിക്കറ്റെടുക്കുന്നവരെക്കാള്‍ കൂടുതല്‍ ടിക്കറ്റില്ലാത്തവര്‍ യാത്ര ചെയ്യുന്ന അവസ്ഥയുണ്ടായി. 50 പേരെ ഉള്‍ക്കൊള്ളാവുന്ന ബസുകളില്‍ ഇരട്ടിയിലധികം തീര്‍ഥാടകര്‍ കയറിപ്പറ്റാന്‍ തുടങ്ങി. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ടിക്കറ്റെടുക്കാത്തവരുടെ എണ്ണം കൂടുതലായത്. ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ബസിന്റെ ഫുട്‌ബോര്‍ഡിലേക്ക് പോലും അടുക്കാന്‍ പറ്റാത്ത സാഹചര്യമായി.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസിന്റെ സാഹസിക യാത്ര ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി മാടുകളെപ്പോലെ തീര്‍ഥാടകരെ കുത്തിനിറച്ചു കൊണ്ടു പോകുന്നത് അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ടു. ഇതോടെയാണ് ഇക്കുറി പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളില്‍ കണ്ടക്ടര്‍മാരെ നിയോഗിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ എടുത്ത തീരുമാനമാണിതെന്ന് പമ്പ കെഎസ്ആര്‍ടിസി സ്‌പെഷല്‍ ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു. കണ്ടക്ടര്‍മാര്‍ എല്ലാ ബസുകളിലും ഉണ്ടാകും. ഇതിന് പുറമേ ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എല്ലാ സര്‍വീസുകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.