ഇടുക്കി യാത്രകൾക്ക് ആരും നോ പറയാറില്ല. കോടമഞ്ഞിന്‍റെ കുളിരിലേക്ക്. തേയിലത്തോട്ടങ്ങളുടെയും വെള്ളച്ചാട്ടങ്ങളുടെയും പുതുമ മാറാത്ത കാഴ്ചകളിലേക്ക് പോകാം എന്നതാണ് ഇടുക്കി യാത്രയുടെ ഏറ്റവും വലിയ ആകർഷണം. അതുകൊണ്ടുതന്നെ ഇനി ഒരേ ഇടത്തേയ്ക്കു തന്നെയാണെങ്കിലും എത്ര തവണ പോയാലും ഇടുക്കി മടുപ്പിക്കില്ല. എങ്കിൽ തൊടുപുഴ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനൊപ്പം ഇടുക്കി ഒറ്റ ദിവസത്തിൽ കറങ്ങി വന്നാലോ ? അതെ സെപ്റ്റംബറിലെ നിങ്ങളുടെ വിനോദയാത്രകൾ ആരംഭിക്കാനുള്ള സമയം ഇതാ ആയിരിക്കുകയാണ്. തൊടുപുഴയില്‍ നിന്നും ഇടുക്കി അണക്കെട്ടും വാഗമണ്ണും അഞ്ചുരുളിയും മാത്രമല്ല. കൊച്ചിയുടെ അകലെക്കാഴ്ച വരെ കണ്ടു മടങ്ങാനുള്ള കിടിലൻ ചാൻസ് ആണ് ഇത്. ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിനു മുൻപ് കുട്ടികളെയും കൂട്ടി പോകാൻ പറ്റിയ യാത്രയാണിതെന്ന് കാര്യത്തിൽ ഒരു സംശയവും വേണ്ട.
സെപ്റ്റംബർ മൂന്ന് ഞായറാഴ്ച രാവിലെ 7.00 മണിക്ക് തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയില്‍ നിന്നും യാത്ര ആരംഭിക്കും. അന്ന് രാത്രി 9.00 മണിയോടു കൂടി തൊടുപുഴിൽ മടങ്ങിയെത്തുന്നതിന് മുൻപ് നാടുകാണിയും അഞ്ചുരുളിയും പൈൻമരക്കാടും കുളമാവും ഉൾപ്പെടെയുള്ള ഇടങ്ങൾ കാണുകയും ചെയ്യാം. നാടുകാണി ചുരം വഴി ഇടുക്കിയിലേക്ക് കയറുന്ന ഈ ബജറ്റ് യാത്രയിലെ ആദ്യ സ്റ്റോപ്പ് നാടുകാണി പവലിയന് ആണ്. ഇടുക്കിയില്‍ നിന്നാൽ കൊച്ചിയുടെ കാഴ്ചകൾ കാണിച്ചുതരുന്ന സ്ഥലമാണ് നാടുകാണി വ്യൂ പോയിന്‍റ്. കൊച്ചി മാത്രമല്ല മലങ്കര ജലാശയത്തിന്‍റെ ഭംഗിയേറിയ കാഴ്ചകളും ഇവിടെ നിന്നാൽ ആസ്വദിക്കാം. ഇവിടുന്ന് നേരേ പോകുന്നത് ഇടുക്കി അണക്കെട്ടിലേക്കാണ്. ചിത്രങ്ങളിൽ കണ്ടുപരിചയിച്ച ഡാമുകളുടെ മുകളിലൂടെ കൊതിതീരെ നടന്നാസ്വദിക്കുവാൻ പറ്റിയ യാത്ര ഇടുക്കി ട്രിപ്പിലെ ഏറ്റവും മൂല്യവത്തായ സമയം കൂടിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കി, അനുബന്ധ ജലാശയങ്ങളായ കുളമാവ് ചെറുതോണി, ഇവയുടെ മുകളിലൂടെ നടന്ന് ആസ്വദിക്കാനുള്ള സമയമാണ് ഇവിടെ ലഭിക്കുന്നത്.
ഡാമിൽ നിന്നും നേരെ പോകുന്നത് അഞ്ചുരുളി തുരങ്കത്തിലേക്കാണ്. ഇരട്ടയാർ അണക്കെട്ടിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനുള്ള തുരങ്കമാണ് അഞ്ചുരുളി ടണൽ എന്നറിയപ്പെടുന്നത്. 1974-ല്‍ ആണിത് കെഎസ്ഇബിയുടെ നേതൃത്വത്തിൽ നിർമ്മിച്ചത്. ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ടണൽ മുഖത്തുവരെ വെള്ളം കയറും. അഞ്ചുരുളിയിൽ നിന്നും വാഗമണ്ണിലേക്കാണ് ഇനി പോകുന്നത്. പൈൻ മരക്കാടും മൊട്ടക്കുന്നും ആണ് ഇവിടെ കാണുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ പ്രവേശനം ആരംഭിക്കുകയണെങ്കിൽ അവിടേക്കും ഈ യാത്രയിൽ പോകാൻ അവസരമുണ്ടായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ഡ് ആണിത്.
വാഗമണ്ണിൽ നിന്നും നേരെ ഈരാറ്റുപേട്ട വഴി കിടിലൻ കാഴ്ചകൾ ആസ്വദിച്ച് തിരികെ തൊടുപുഴയിലേക്ക്. രാത്രി 9.00 മണിയോടുകൂടി കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടമഞ്ഞ് അനുസരിച്ച് തിരികെ എത്തുന്ന സമയത്തിൽ വ്യത്യാസമുണ്ടായേക്കാം. ആകെ 51 പേര്‍ക്കാണ് യാത്രയില്‍ പങ്കെടുക്കാൻ അവസരം. സൂപ്പർ ഫാസ്റ്റ് അല്ലെങ്കിൽ ഫാസ്റ്റ് പാസഞ്ചര്‍ ബസിലായിരിക്കും യാത്ര. ഒരാൾക്ക് 450 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണച്ചെലവ് യാത്രക്കാർ വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും തൊടുപുഴ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ 9400262204, 8304889896, 9605192092, 9744910383 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.