കോഴിക്കോട്: എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും രണ്ടു വീതം ചവറ്റുകുട്ടകള്‍ സ്ഥാപിക്കുന്നു. മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കത്തക്കവിധമാണ് ഇതിനുള്ള നടപടി തുടങ്ങിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്നുള്ള 10 എസി സൂപ്പര്‍ ഫാസ്റ്റ് ദീര്‍ഘദൂര ബസുകളില്‍ ഇതിനകം ചവറ്റുകുട്ടകൾ സ്ഥാപിച്ചു കഴിഞ്ഞു. മാലിന്യങ്ങള്‍ റോഡിലും ബസിനുള്ളിലും വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് കേരള ശുചിത്വ മിഷനുമായി ചേര്‍ന്ന് കോര്‍പ്പറേഷന്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍നിന്ന് ഒരു വരുമാന മാര്‍ഗ്ഗവും കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നുണ്ട്.
ഓരോ ജില്ലയിലും ബസ്സുകളിലും ഡിപ്പോകളിലും സ്റ്റാന്‍ഡുകളിലും നിന്നുമായി 800-1000 കാലിയായ വെള്ളക്കുപ്പികള്‍ പ്രതിദിനം ശേഖരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഈ പ്ലാസ്റ്റിക് സംഭരിച്ച് വിറ്റുകിട്ടുന്ന പണം കെഎസ്ആര്‍ടിസിക്ക് മുതല്‍ക്കൂട്ടാവും. പരിസര മലിനീകരണം ഒഴിവാകും. പ്ലാസ്റ്റിക് മാലിന്യം ഭൂമിക്കും ജലാശയങ്ങള്‍ക്കും ഓടകള്‍ക്കും ഭാരമാവില്ല. വിദേശ വിനോദസഞ്ചാരികളും മറ്റും വൃത്തിയില്ലെന്ന കാരണത്താല്‍ കെഎസ്ആര്‍ടിസിയെ ഒഴിവാക്കുന്നത് കുറയും. ബസുകളില്‍ ചവറ്റുകുട്ടകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോടുനിന്ന് നല്‍കിയ പ്രോജക്ട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അംഗീകരിച്ചു. പദ്ധതിയുടെ നടപ്പാക്കല്‍ ടെണ്ടറായി.
ഇതിനുള്ള ഉപകരണങ്ങളുടെ പര്‍ച്ചേസും ആരംഭിച്ചു. മൂന്നുമാസത്തിനകം പദ്ധതി നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. സ്പോണ്‍സര്‍മാരുടെ സഹായവും ഇതിനായി കോര്‍പ്പറേഷന്‍ തേടുന്നുണ്ട്. വെള്ളക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിയുന്നത് ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. കടലത്തൊണ്ടും ഓറഞ്ച് തൊലിയും മറ്റും ബസ്സില്‍ത്തന്നെ ഇടുന്ന പതിവിനു മാറ്റം വരുത്താനും പുതിയ നടപടി സഹായകമാവും. ബസ് സ്റ്റാന്‍ഡുകളില്‍ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റുമായും തദ്ദേശ സ്ഥാപനങ്ങളുമായും സഹകരിച്ച് കൂടുതല്‍ ബോട്ടില്‍ പോയിന്റുകള്‍ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.
വലിച്ചെറിയല്‍ സംസ്‌ക്കാരത്തിനെതിരെ ബോധവത്ക്കരണത്തിനായി ബസ്സുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മാലിന്യം വലിച്ചെറിയുകയോ ബസ്സില്‍ ഇടുകയോ ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്താനും ഉദ്ദേശിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മാലിന്യമുക്ത നവകേരളം പ്രോജക്ടുമായി സഹകരിച്ചാവും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ബസുകളില്‍നിന്നുള്ള മാലിന്യം അടിച്ചുകൂട്ടി സ്റ്റാന്‍ഡില്‍ കൂട്ടിയിടുന്ന രീതിയും തുടരാന്‍ അനുവദിക്കില്ല.