ആലപ്പുഴ : കേരളത്തില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടകയും തമിഴ്‌നാടും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ കെ.എസ്.ആര്‍.ടി.സി.യുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ അവതാളത്തിലായി. കെ.എസ്.ആര്‍.ടി.സി യിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുംകൂടി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതോടെ സര്‍വീസുകളെല്ലാം റദ്ദാക്കി.
ആലപ്പുഴയില്‍നിന്നുള്ള കൊല്ലൂര്‍- മുകാംബിക സര്‍വീസ് ഒരാഴ്ചത്തേക്ക് റദ്ദാക്കി. കേരളത്തില്‍നിന്നു വരുന്ന എല്ലായാത്രക്കാരും 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണു കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കര്‍ണാടകയിലേക്ക് പോകുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് വിധേയരാകണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
നിലവില്‍ കേരളത്തില്‍നിന്നും ബെംഗളൂരൂ, മൈസൂരു, കൊല്ലൂര്‍ എന്നിവടങ്ങലേക്ക് നിരവധി സര്‍വീസുകള്‍ നടത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള യാത്രാനുമതി ലഭിക്കാത്തതിനാല്‍ അവിടേക്കു സര്‍വീസ് ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണു കര്‍ണാടക സര്‍ക്കാരും നിയന്ത്രണം കടുപ്പിക്കുന്നത്.