തിരുവനന്തപുരം : രാത്രിയില്‍ ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി എംഡി. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. രാത്രി എട്ടുമണി മുതല്‍ രാവിലെ ആറുമണിവരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. മിന്നല്‍ ബസ് സര്‍വീസുകള്‍ക്ക് സര്‍ക്കുലര്‍ ബാധകമല്ല.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മുന്നൂറിലധികം സര്‍വീസുകള്‍ നിര്‍ത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരില്‍ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്.
തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്ക് കൊവിഡ്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് ആകെ 399 ബസുകള്‍ ജീവനക്കാരില്ലാതെ സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യമാണുള്ളത്.