തിരുവനന്തപുരം : കണ്ടക്ടര്മാരടക്കമുള്ളവര്ക്ക് പെട്രോള്‍ പമ്പില്‍ നിര്‍ബന്ധിത നിയമനം ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി ശമ്പളപരിഷ്കരണ കരാറിലെ വിവാദ വ്യവസ്ഥകള്‍ റദ്ദാക്കാന്‍ ഗതഗാതമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം. കെ.എസ്.ആര്‍.ടിസിയില്‍ എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്‍റണി രാജു യോഗത്തില്‍ ഉറപ്പു നല്‍കി.
ശമ്പളപരിഷ്കരണ കരാറിന്‍റെ കരടില്‍ യൂണിയനുകളുടെ എതിര്‍പ്പ് മൂലം ഉപേക്ഷിച്ച വ്യവസ്ഥകളും അംഗീകരിക്കാത്ത വിഷയങ്ങളും ഉള്‍പ്പെട്ടത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച യൂണിയനുകളെ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനിച്ച മാറ്റങ്ങള്‍ കരാറിന്‍റെ കരടില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് നാളെ മന്ത്രി തലത്തില്‍ ചര്‍ച്ച പൂര്‍ത്തീകരിച്ച് താമസം കൂടാതെ കരാര്‍ ഒപ്പിടാമെന്നുള്ള തീരുമാനത്തിലാണ് യോഗം അവസാനിച്ചത്.