കോന്നി : കെഎസ്ആര്‍ടിസി സര്‍വീസ് മുടക്കി മലയോരമേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നു. എട്ട് സര്‍വ്വീസുകളാണ് കോന്നി ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ നിന്ന് നിലവിലുള്ളത്. മുന്‍പ് തണ്ണിത്തോട്, കരിമാന്‍തോട് റൂട്ടില്‍ കെ എസ് ആര്‍ ടി സി ട്രിപ്പ് നടത്തിയിരുന്നെങ്കിലും ഇത് കൊവിഡ് വ്യാപനത്തിന് ശേഷം പൂര്‍ണ്ണമായി നിര്‍ത്തലാക്കി.
ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കമുണ്ടായിരുന്ന ഈ റൂട്ടില്‍ ഇപ്പോള്‍ സ്വകാര്യ ബസുകകളെ ആണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. മണിക്കൂറുകള്‍ കാത്തു നിന്നെങ്കില്‍ മാത്രമേ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. ബസുകള്‍ കുറവായതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പോലും വകവെയ്ക്കാതെ സ്വകാര്യ ബസുകള്‍ യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതും സ്ഥിരം കാഴ്ച്ചയാണ്.
കൊക്കാത്തോട് ഭാഗത്തേക്ക് കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ഇടയ്ക്ക് ഇത് സര്‍വീസ് മുടക്കുന്നതും ജനങ്ങളെ വലയ്ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍കൂടി തുറന്നതോടെ വിദ്യാര്‍ത്ഥികളാണ് ഏറെ ദുരിതത്തിലായത് തണ്ണിത്തോട്, തേക്കുതോട്, കരിമാന്‍തോട്, മണ്ണീറ, അപ്പൂപ്പന്‍തോട് തുടങ്ങി നിരവധി ഉള്‍പ്രദേശങ്ങളിലെ ആളുകളും ദൂരസ്ഥലങ്ങളില്‍ പോയി ജോലി ചെയ്യേണ്ടി വരുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണിപ്പോള്‍.
റാന്നിയിലും പണിമുടക്ക് കാരണം യാത്രാ ക്ലേശം രൂക്ഷമായി. ഭരണാനുകൂല യൂണിയൻ അടക്കം ജീവനക്കാർ സമരത്തിൽ പങ്കെടുത്തതിനാൽ ഒപ്പറേറ്റിംങ്ങ് സെൻ്റ്ർ സ്തംഭിച്ചു. റാന്നി ഓപ്പറേറ്റർ സെൻ്ററിൽ നിന്നും 15 സർവ്വീസുകൾ ഉണ്ടെങ്കിലും ഒന്നും ചലിച്ചില്ല. മറ്റു ഡിപ്പോയിൽ നിന്നും റാന്നി വഴി പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്ള സർവീസുകളും, തിരിച്ച് തിരുവനന്തപുരം അടക്കമുള്ള ദീർഘദൂര സർവീസുകളും ഒന്നും തന്നെയെത്തിയില്ല.
താലൂക്കിലെ മലയോര പ്രദേശമായ വെച്ചൂച്ചിറ, അത്തിക്കയം, പെരുന്തേനരുവി, മണ്ണടിശാല തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാർ കെ എസ് ആർ റ്റിയെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.ഈ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരും, വിദ്ധ്യാർത്ഥികളും ഏറെ വലഞ്ഞു. റാന്നിയിൽ നിന്നും മലയോര മേഖലകളിലേക്ക് 5 സർവീസുകളാണ് ട്രിപ്പ് നടത്തുന്നത്.
കോവിഡ് വ്യാധിക്കു ശേഷം റാന്നിയിൽ നിന്നും പല സ്ഥലങ്ങിലേക്കും സ്വകാര്യ ബസുകൾ കളക്ഷൻ കുറവ് കാരണം നിർത്തിവെച്ചിരുന്നു. ഇതും യാത്രക്കാർക്ക് തിരിച്ചടിയായി. റാന്നിയിലെ, കെ എസ് ആർ ടി സി ഓഫീസിൽ ബസുകളുടെ വിവരങ്ങൾ ചോദിച്ച യാത്രക്കാരോട് രണ്ടു ദിവസത്തേക്ക് ബസില്ലെന്ന മറുപടിയാണ് സമരാനുകൂലികൾ ജീവനക്കാർ പറഞ്ഞത്.