കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്ന സിംഗിള്‍ ഡ്യൂട്ടി ദീര്‍ഘദൂര സര്‍വീസുകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്നു വടക്കന്‍ ജില്ലകളിലേക്കു പുതിയ യാത്രാ പരിഷ്കാരവുമായി കെഎസ്‌ആര്‍ടിസി. ദേശീയപാത വഴിയും എംസി റോഡ് വഴിയും വടക്കന്‍ ജില്ലകളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കായി അങ്കമാലിയില്‍ ഇറങ്ങി മറ്റൊരു ബസില്‍ യാത്ര തുടരാവുന്ന ‘ട്രാന്‍സിറ്റ്’ സംവിധാനം നടപ്പാക്കും.
അങ്കമാലി അതോടെ ‘ട്രാന്‍സിറ്റ് ഹബ്’ ആകും.ഇതോടെ ഡ്രൈവര്‍മാരുടെ അമിത ജോലിഭാരം കുറയും. പദ്ധതി നടപ്പാകുന്നതോടെ തിരുവനന്തപുരത്തുനിന്നുള്ള ദീര്‍ഘദൂര ബസുകള്‍ അങ്കമാലി വരെ മാത്രമേ സര്‍വീസ് നടത്തൂവെന്നു കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. യാത്രക്കാര്‍ റിസര്‍വ് ചെയ്ത അതേസീറ്റ് അടുത്ത ബസിലും ലഭ്യമാക്കുമെന്നും വ്യക്തമാക്കി. തിരുവനന്തപുരത്തും കോഴിക്കോട്ടും നടത്തി വന്നിരുന്ന ക്രൂ ചേഞ്ച് ഇനി അങ്കമാലിയില്‍ നടപ്പാക്കും. ബസ് ജീവനക്കാര്‍ക്കു വിശ്രമിക്കാനും മറ്റുമായി അങ്കമാലി കെഎസ്‌ആര്‍ടിസി സമുച്ചയത്തിന്റെ ഒരു നില ഉപയോഗിക്കും.